കൊല്‍ക്കത്ത: മാല്‍ഡയിലെ ബധാപുകൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആഷിഷ് സിംഗ് (47) എന്നയാളുടെ മൃതദേഹമാണ് ബുധനാഴ്ച ലഭിച്ചത്. ഇയാളുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും മര്‍ദനമേറ്റ പാടുകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.  പ്രവര്‍ത്തകന്‍റെ മരണം കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ സര്‍ക്കാറിനെതിരെ സമരം നടത്തുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. 

തിങ്കളാഴ്ച സംഘര്‍ഷത്തെ തുടര്‍ന്ന് ബസിര്‍ഹട്ടില്‍ ബിജെപി 12 മണിക്കൂര്‍ ബന്ദ് നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളില്‍ തങ്ങളുടെ അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. എന്നാല്‍, ഒരു ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സന്ദേശ്ഖലിയില്‍ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് പേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തതെന്നും നിരവധി പേരെ ഇപ്പോഴും കാണാനില്ലെന്നും ബിജെപി ആരോപിക്കുന്നു. 

രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ബംഗാളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലായിട്ടില്ല. ക്രമസമാധാന സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ബിജെപി സംസ്ഥാനത്ത് ബോധപൂര്‍വം അക്രമമുണ്ടാക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.