ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവരെ ഭീഷണിപ്പെടുത്തിയ ഭാരതീയ ജനത യുവമോര്‍ച്ച നേതാവിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം(എന്‍എസ്എ) കേസെടുത്ത് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിന്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി  യോഗേഷ് സാങ്ടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മഹാകലേശ്വര്‍ ക്ഷേത്രത്തിന് സമീപം സമരം ചെയ്യുന്നവരെയാണ് ഇയാള്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് ഭീഷണിപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത യോഗേഷിനെ റെവ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിചാരണ കൂടാതെ ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ പാര്‍പ്പിക്കാവുന്ന നിയമമാണ് ദേശീയ സുരക്ഷാ നിയമം. 

യോഗേഷിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ രംഗത്തെത്തി. ക്ഷേത്ര പരിസരത്ത് സമരം ചെയ്യുന്നത് മൂലം ഗതാഗത തടസ്സമുണ്ടെന്നും അത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട യുവനേതാവിനെതിരെ കേസെടുക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. റോഡ് തടസ്സപ്പെടുത്തിയുള്ള സമരക്കാരെ നീക്കാന്‍ പൊലീസിന് കഴിയുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഇയാള്‍ക്കെതിരെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ സമരം സംഘടിപ്പിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ യോഗേഷിനെതിരെ അനാവശ്യമായി എന്‍എസ്എ ചുമത്തുകയായിരുന്നുവെന്നും വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം ചെയ്യുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. 'റോഡ് തടസ്സപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഉജ്ജയിനിലെ ഹിന്ദുക്കള്‍ മറ്റ് റോഡുകളും തടയും. ഉജ്ജയിനില്‍ ഹിന്ദുക്കള്‍ പ്രശ്നങ്ങളുണ്ടാക്കും. എന്ത് പ്രശ്നമാണ് ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ക്ക് കണ്ടറിയാം'- എന്നായിരുന്നു യോഗേഷിന്‍റെ ഭീഷണി.