ദില്ലി: രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക വിപുലമായി ആഘോഷിക്കാനൊരുങ്ങി ബിജെപി. കൊവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 

രാജ്യത്തെ 10 കോടി വീടുകളില്‍ മോദി എഴുതിയ കത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെയായിരിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളിലെത്തുക. സാമൂഹിക മാധ്യമങ്ങള്‍ വഴിയും ടെലിവിഷന്‍ ചാനലുകള്‍ വഴിയും കത്ത് വ്യാപകമായി പ്രചരിപ്പിക്കും. 

ആഘോഷത്തിന്റെ ഭാഗമായി വെര്‍ച്വല്‍ റാലി നടത്തും. റാലിയുടെ ഭാഗമായി രാജ്യത്താകമാനം വിദഗ്ധരെ പങ്കെടുപ്പിച്ച് 1000 സംവാദങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളുമായി സംവദിക്കുന്നതിന് ഡിജിറ്റല്‍ മാര്‍ഗത്തെ കൂടുതല്‍ ആശ്രയിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധം, 20 ലക്ഷം കോടിയുടെ രക്ഷാപാക്കേജ്, ആത്മനിര്‍ഭര്‍ ഭരത് എന്നിവയും ബിജെപി ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടും.

പല വിവാദപരമായ തീരുമാനങ്ങളും രണ്ടാം മോദി സര്‍ക്കാറിന്റെ തുടക്കകാലത്തു തന്നെ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കല്‍, പൗരത്വ നിയമ ഭേദഗതി നിയമം എന്നിവയായിരുന്നു പ്രധാനം. രണ്ട് തീരുമാനങ്ങളും രാജ്യത്തെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി.