ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പൊലീസ്. ദില്ലിയിലെ ഷഹീൻ ബാഗിലെ സമരത്തിനു സമാനമായി സ്ത്രീകൾ നടത്തുകയായിരുന്ന സമരത്തിന് നേരെയായിരുന്നു ഉത്തർപ്രദേശ് പോലീസിന്റെ ക്രൂരത. ലഖ്‌നൗവിനു സമീപം ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത അഞ്ഞൂറോളം സ്ത്രീകളുടെ പക്കല്‍ നിന്നാണ് യു.പി പോലീസ് പുതപ്പും ഭക്ഷണവും പിടിച്ചെടുത്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

പോലീസുകാര്‍ ഭക്ഷണവും പുതപ്പും പിടിച്ചെടുത്തതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുമായി പോലീസുകാര്‍ പോലീസ് വാനിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് ഉദ്യോ​ഗസ്ഥരിൽ ചിലർ ഹെൽമെറ്റ് ധരിച്ചിട്ടുണ്ട്. കൂടാതെ രാത്രിയിൽ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കുന്നവർ നിലത്ത് വിരിക്കാൻ കൊണ്ടുവന്ന ഷീറ്റുൾപ്പെടെയാണ് പൊലീസ് എടുത്തുകൊണ്ടുപോകുന്നത്. എന്നാൽ സംഭവത്തെ പാടെ നിഷേധിച്ചു കൊണ്ട് യുപി പൊലീസ് രം​ഗത്തെത്തിയിട്ടുണ്ട്. അനുവാദമില്ലാതെ ജനക്കൂട്ടം പാർക്കിൽ ഒത്തുകൂടുകയും ടെന്റ് കെട്ടുകയും ചെയ്തു എന്നാണ് പൊലീസിന്റെ ആരോപണം.