ആൾവാർ: രാജസ്ഥാനിലെ ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ അന്ധനായ അച്ഛന്‍ ആത്മഹത്യ ചെയ്തു.  അള്‍വാര്‍ പോലീസിന്‍റെ പീഡനവും പ്രതിയുടെ ബന്ധുവിന്‍റെ ഭീഷണിയുമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെട്ട രതീഷിന്‍റെ അച്ഛന്‍ രതി റാം ജാദവ് ആണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 

ഇക്കഴിഞ്ഞ ജൂലായ് 16 ന് രതീഷ് ഓടിച്ച വാഹനമിടിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആള്‍ക്കൂട്ടം രതീഷിനെ ആക്രമിക്കുകയും രതീഷ് രണ്ട് ദിവസത്തിന് ശേഷം മരണമടയുകയുമായിരുന്നു. ഈ കേസില്‍ പരാതിയുമായി ചെന്ന അച്ഛനെ പോലീസ് പീഡീപ്പിച്ചെന്നാണ് മറ്റൊരു മകനായ ജിനേഷ് ജാതവിന്‍റെ ആരോപണം. 

സംഭവത്തില്‍ പ്രതിയായ ആള്‍ തന്‍റെ അച്ഛനെ പരാതി പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മകന്‍ ആരോപിക്കുന്നു. ആള്‍വാറില്‍ ആള്‍ക്കുട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ പെഹ്ലു ഖാന്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ ആള്‍വാര്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനമുയരുന്നതിനിടെയാണ് മറ്റൊരു ആരോപണം.