വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിലെ കനത്ത ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മധ്യപ്രദേശിലും ഗുജറാത്തിലും പശ്ചിമ ബംഗാളിലുമായി ബിഎല്‍ഒമാര്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് ബിഎല്‍ഒ ആയ അധ്യാപകന്‍ ജീവനൊടുക്കിയത്.

ദില്ലി: വോട്ടര്‍ പട്ടിക പരിഷ്ക്കരണ ജോലിയിലെ സമ്മര്‍ദ്ദത്തില്‍ മധ്യപ്രദേശിലും ബിഎല്‍ഒ ആത്മഹത്യ ചെയ്തു. ഗുജറാത്തില്‍ രണ്ട് പേര്‍ ജീവനൊടുക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശിലും സമാന സംഭവം നടന്നത്. വോട്ടര്‍ പട്ടിക പരിഷ്ക്കരണം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിനോട് പ്രതികരിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാട് കടുപ്പിച്ചു. അടുത്ത പതിനാലിന് ദില്ലിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് നടത്തുന്ന വോട്ട് ചോരി റാലിയോട് ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ സഹകരിച്ചേക്കില്ല.

മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് ബിഎല്‍ഒ ആയ അധ്യാപകന്‍ ജീവനൊടുക്കിയത്. ജോലിയില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മാറ്റി നിർത്തിയതിന് പിന്നാലെയാണ് പ്രൈമറി സ്കൂള്‍ അധ്യാപകനായ ഭുവന്‍ സിംഗ് വീട്ടില്‍ തൂങ്ങി മരിച്ചത്. ഉറക്കവും, ആഹാരവുമില്ലാതെ പകലും രാത്രിയും ഒരു പോലെ ജോലി ചെയ്യുകയായിരുന്നുവെന്നും, സസ്പെന്‍ഷന്‍ കൂടി താങ്ങാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഗുജറാത്തിലെ കൊടിനാര്‍ ദേവ്ലി സ്വദേശിയായ അരവിന്ദ് വധേര്‍ എന്ന അധ്യാപകനും ഇന്നലെ രാത്രി ജീവനൊടുക്കിയിരുന്നു. എസ്ഐആര്‍ പരിഷ്ക്കരണ ജോലിയുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞതായാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എസ്ഐആര്‍ പരിഷ്ക്കരണത്തിലെ ജോലി സമ്മര്‍ദ്ദമെന്നാരോപിച്ച് കഴിഞ്ഞ ഒരാഴ്ചക്കിടെ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായി 6 ബിഎല്‍ഒമാര്‍ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേ സമയം, പശ്ചിമ ബംഗാളിലെ നാദിയയിൽ ബൂത്ത് ലെവൽ ഓഫീസറായി (ബിഎൽഒ) ആയി ജോലി ചെയ്തിരുന്ന 54കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി സ്വാമി വിവേകാനന്ദ സ്കൂളിലെ അധ്യാപികയായ റിങ്കു തരഫ്ദാറിനെ കൃഷ്ണനഗറിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചു. എനിക്ക് കൃത്യമായി ബിഎൽഒയുടെ ജോലി ചെയ്യാൻ സാധിച്ചില്ലെങ്കിൽ, മാനസിക സമ്മർദം ഏൽക്കേണ്ടി വരുമെന്നും, അതെനിക്ക് താങ്ങാൻ കഴിയില്ലെന്നുമാണ് കുറിപ്പിൽ ഉള്ളത്. ബിഎൽഒ ഡ്യൂട്ടി ലഭിച്ചതുമുതൽ ഭാര്യ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മരിച്ച റിങ്കുവിന്റെ സഹോദരീ ഭർത്താവ് പറഞ്ഞു.

ഇതിനിടെ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്ക്കരണം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മമത ബാനര്‍ജി തെരഞ്ഞടെുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. പരിശീലനം പോലും നൽകാതെയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നതെന്നും കര്‍ഷകരെയടക്കം വലിയ വിഭാഗത്തെ വ്യാപകമായി ഒഴിവാക്കുന്നുവെന്നുമായിരുന്നു പരാതി. സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. പ്രതികരിക്കാത്ത കമ്മീഷന്‍ ബിജെപിക്ക് വേണ്ടി അന്തരീക്ഷം ഒരുക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. നുഴഞ്ഞു കയറ്റക്കാരെ ഒഴിവാക്കുന്നതിലുള്ള പ്രതിഷധമാണെന്നും, അവരുടെ വോട്ട് കൊണ്ട് ഇനി ജയിക്കാമെന്ന് കരുതേണ്ടെന്നും ബിജെപി തിരിച്ചടിച്ചു. അതേ സമയം വോട്ട് ചോരിയിലെ പ്രചാരണം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് അടുത്ത 14ന് ദില്ലി രാംലീല മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വോട്ട് ചോരി പ്രചാരണം കൊണ്ട് കാര്യമായ ഒരു ചലനവും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് തിരിച്ചറിഞ്ഞാണ് മറ്റ് കക്ഷികൾ പിന്‍വാങ്ങുന്നത്. എന്നാല്‍ എസ്ഐആറില്‍ പാര്‍ലമെന്‍റില്‍ നടത്തുന്ന പ്രതിഷേധത്തില്‍ പാര്‍ട്ടികള്‍ സഹകരിക്കും.