നെന്മാറ ബ്ലോക്ക് ഡിവിഷനിലേക്ക് പല്ലശ്ശന ഡിവിഷനിൽ നിന്നാണ് ശ്യാം ജനവിധി തേടുന്നത്. മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കല്ലേപ്പള്ളി വെസ്റ്റിൽ നിന്നുമാണ് ഗൗജ മത്സരിക്കുന്നത്.
പാലക്കാട്: തെരഞ്ഞെടുപ്പ് കാലത്ത് കല്യാണവും വന്നാൽ എന്ത് ചെയ്യും? വധുവും വരനും സ്ഥാനാർത്ഥികൾക്കൂടി ആയാലോ? പാലക്കാട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാർത്ഥികളായ ശ്യാമും ഗൗജയും പ്രചാരണത്തിനും കല്യാണത്തിരക്കിനും ഇടയിൽ നെട്ടോട്ടം ഓടുകയാണ്. തെരഞ്ഞെടുപ്പും വിവാഹവും അടുത്തടുത്തായതോടെ പ്ലാൻ ചെയ്ത ഷെഡ്യൂളുകളെല്ലാം പൊളിച്ച് മാറ്റേണ്ടി വന്നുവെന്ന് ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏറെ നാളായി സ്നേഹിതരാണ് യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകരായ ശ്യാമും ഗൗജയും. നെന്മാറ ബ്ലോക്ക് ഡിവിഷനിലേക്ക് പല്ലശ്ശന ഡിവിഷനിൽ നിന്നാണ് ശ്യാം ജനവിധി തേടുന്നത്. മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കല്ലേപ്പള്ളി വെസ്റ്റിൽ നിന്നുമാണ് ഗൗജ മത്സരിക്കുന്നത്. ഡിസംബർ അവസാനത്തോടെയായിരുന്നു നേരത്തെ വിവാഹ തീയതി തീരുമാനിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് വൈകിയതോടെ കല്യാണം അടുത്ത മാസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്ന് ശ്യാം പറഞ്ഞു.
വിവാഹ ക്ഷണക്കത്തിന് പകരം പ്രാചരണ പോസ്റ്ററുകളാണ് ഇപ്പോൾ ആളുകൾക്ക് കൊടുക്കുന്നത്. മത്സര രംഗത്തേക്ക് വരുന്നതിന് മുമ്പേ പ്രവർത്തന മണ്ഡലം സംബന്ധിച്ച് തങ്ങൾ തീരുമാനമെടുത്തിരുന്നുവെന്ന് ഗൗജ പറഞ്ഞു. വിവാഹം കഴിഞ്ഞു എന്നതിനാൽ നാട്ടിലെ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കാനാവില്ലെന്നത് രണ്ടാളും തീരുമാനിച്ച കാര്യമാണ്. ലളിതമായ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹമായിരിക്കും നടക്കുകയെന്നും ഇരുവരും പറഞ്ഞു.

