ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ ഒളിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന മുസ്കാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കാമുകൻ സാഹിൽ ശുക്ലയുമായി ചേർന്ന് നടത്തിയ ഈ കൊലപാതകം, തങ്ങളുടെ പ്രണയബന്ധത്തിന് തടസ്സമായതിനാലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മീററ്റ്: ഭർത്താവ് സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തി മൃതദേഹം ബ്ലൂ ഡ്രമ്മിൽ ഒളിപ്പിച്ച കേസിൽ മീററ്റ് ജയിലിൽ കഴിയുന്ന പ്രതിയായ മുസ്കാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രാദേശിക മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരമാണ് പ്രസവം നടന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു. പ്രസവ വേദനയെ തുടർന്ന് ഞായറാഴ്ച രാത്രി 11:30 ഓടെയാണ് മുസ്കാനെ ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവജാത ശിശുവിന് 2.4 കിലോഗ്രാം ഭാരമുണ്ടെന്നും സാധാരണ പ്രസവമായിരുന്നുവെന്നും ഒബ്‌സ്‌ടെട്രിക്‌സ് വിഭാഗം മേധാവി ഡോ. ശകുൻ സിംഗ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു. മുസ്കാൻ്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും, കുടുംബത്തിൽ നിന്ന് ആരും ആശുപത്രിയിൽ അവരെ സന്ദർശിക്കാൻ എത്തിയിട്ടില്ലെന്ന് സീനിയർ ജയിൽ സൂപ്രണ്ട് ഡോ. വീരേഷ് രാജ് ശർമ്മ അറിയിച്ചു. ആശുപത്രിയുടെ പ്രധാന കവാടത്തിലും വാർഡുകളിലും പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ഞെട്ടിച്ച ആസൂത്രണവും കൊലയും
മീററ്റ് ജില്ലയിലെ ഇന്ദിരാനഗറിലുള്ള വീട്ടിൽ വെച്ച് മാർച്ച് 4-നാണ് മുസ്കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. സൗരഭിന് മയക്കുമരുന്ന് നൽകിയ ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരും ചേർന്ന് സൗരഭിൻ്റെ മൃതദേഹം തലയും കൈകളും ഉൾപ്പെടെ കഷണങ്ങളാക്കി മുറിച്ച്, സിമൻ്റ് നിറച്ച ഒരു ബ്ലൂ ഡ്രമ്മിൽ ഒളിപ്പിച്ചെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. സൗരഭ് തങ്ങളുടെ പ്രണയബന്ധത്തിന് തടസ്സമായതുകൊണ്ടാണ് ഇരുവരും കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2023 നവംബർ മുതൽ മുസ്കാൻ കൊലപാതകം ആസൂത്രണം ചെയ്തുവരികയായിരുന്നു. മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാനായിരുന്നു ആദ്യ പദ്ധതി. മുസ്കാനെയും സാഹിലിനെയും മാർച്ച് 18-നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപ് മുസ്കാൻ കുടുംബാംഗങ്ങളോട് കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.


