Asianet News MalayalamAsianet News Malayalam

'രാജ്യത്തിന് ദുഃഖകരമായ ദിനം'; നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് സംഘ്പരിവാര്‍ തൊഴിലാളി സംഘടന

ചൂഷണവും ലാഭവും മാത്രമാണ് സ്വകാര്യമേഖലയുടെ ലക്ഷ്യം. സര്‍ക്കാറിന്റെ പോക്ക് തെറ്റായ ദിശയിലേക്കാണെന്നും ബിഎംഎസ് പ്രസ്താവനയിലൂടെ പറഞ്ഞു. 

BMS criticised Nirmala Sitaraman on Privatisation
Author
New Delhi, First Published May 16, 2020, 10:01 PM IST

ദില്ലി: തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരണത്തിന്റെ നാലാം ദിനത്തിലാണ് ധനമന്ത്രി പ്രധാന മേഖലകളില്‍ സ്വകാര്യവത്കരണം അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയത്.

ധനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിനും ജനങ്ങള്‍ക്കും ദുഃഖകരമായ ദിനമാണ് നല്‍കിയതെന്ന് ഭാരതീയ മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പ്രസ്താവനയില്‍ പറഞ്ഞു. ആദ്യത്തെ മൂന്ന് ദിവസത്തെ പ്രഖ്യാപനങ്ങളുടെ ആത്മവിശ്വാസം ജനത്തിന് നാലാം ദിനം നഷ്ടപ്പെട്ടു. മഹാമാരി കാലത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ ഇടപെടല്‍ വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

തൊഴിലാളി സംഘടനകളുമായും വിവിധ മേഖലയിലെ പ്രതിനിധികളുമായും  കൂടിയാലോചിക്കാന്‍ സര്‍ക്കാറിന് ലജ്ജയാണെന്നും ആശയം മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ആത്മവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍തന്നെ സ്വകാര്യവത്കരണത്തില്‍ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ അതൃപ്തിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഘടനപരമായ പരിഷ്‌കരണവും  മാത്സര്യവും അര്‍ത്ഥം വെക്കുന്നത് സ്വകാര്യവത്കരണമാണ്. എന്നാല്‍, ഈ മഹാമാരിയുടെ ഘട്ടത്തില്‍ സ്വകാര്യമേഖല എല്ലാം പ്രതിസന്ധിയിലാക്കി. നിര്‍ണായകമായത് പൊതുമേഖലയുടെ ഇടപെടലാണ്. എന്ത് പ്രത്യാഘാതമുണ്ടായാലും ആദ്യം ബാധിക്കുക തൊഴിലാളികളെയാണ്. സ്വകാര്യവത്കരണമെന്ന് പറഞ്ഞാല്‍ വലിയ തൊഴില്‍ നഷ്ടമെന്നാണ് അര്‍ത്ഥം. ഗുണനിലവാരം കുറഞ്ഞ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ചൂഷണവും ലാഭവും മാത്രമാണ് സ്വകാര്യമേഖലയുടെ ലക്ഷ്യം. സര്‍ക്കാറിന്റെ പോക്ക് തെറ്റായ ദിശയിലേക്കാണെന്നും ബിഎംഎസ് പ്രസ്താവനയിലൂടെ പറഞ്ഞു. 

ശനിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിരോധം, ബഹിരാകാശം, കല്‍ക്കരി ഖനനം, വൈദ്യുതി, വിമാനത്താവളം തുടങ്ങിയ എട്ട് പ്രധാന മേഖലകളില്‍ സര്‍ക്കാര്‍ സ്വകാര്യവത്കരണത്തിന് തുടക്കമിടുന്നതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയത്.
 

Follow Us:
Download App:
  • android
  • ios