ദില്ലി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി സ്വരഭാസ്കര്‍ രംഗത്ത്. ലൗ ജിഹാദ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിനെകൊണ്ട് സത്യം പറയിച്ച ചോദ്യം ചോദിച്ചതിനാണ് സ്വര, ബെന്നി ബഹനാനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ദില്ലി തെരഞ്ഞെടുപ്പ് സമയത്ത് പോലും താങ്കള്‍ കേന്ദ്രത്തെക്കൊണ്ട് സത്യം പറയിച്ചെന്നും അതിന് വലിയ നന്ദിയുണ്ടെന്നും സ്വര ട്വിറ്ററില്‍ കുറിച്ചു.

 

കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസമായിരുന്നു പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്. ലോക്സഭയിൽ ബെന്നി ബഹനാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ലൗ ജിഹാദില്ലെന്ന് കേരള സംസ്ഥാന സർക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സിറോ മലബാർ സഭ ലൗ ജിഹാദ് ഉണ്ടെന്ന് നിലപാടെടുത്തതോടെയാണ് ഇത് വീണ്ടും ഉയർന്നുവന്നത്.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എംപി ചോദ്യം ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ രേഖകളിലും അന്വേഷണത്തിലും കേരളത്തിൽ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. കേരളത്തിൽ രണ്ട് മത വിഭാഗക്കാർ തമ്മിൽ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാൽ എൻഐഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു.