Asianet News MalayalamAsianet News Malayalam

അംബാനിയുടെ വീടിന് മുന്നിൽ ബോംബ് വച്ച സംഭവം; അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥനെതിരെ യുഎപിഎ ചുമത്തി

മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് വച്ച സംഭവത്തിൽ അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ. 

Bomb blast in front of Ambanis houseThe UAPA has charged the arrested Mumbai police officer
Author
Kerala, First Published Mar 24, 2021, 5:49 PM IST

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് വച്ച സംഭവത്തിൽ അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ. കേസ് രേഖകൾ എൻഐഎയ്ക്ക് ഉടൻ കൈമാറണമെന്ന് മഹാരാഷ്ട്രാ പൊലീസിന് താനെയിലെ എൻഐഎ കോടതി കർശന നിർദ്ദേശം നൽകി. അതേസമയം മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ മുംബൈ പൊലീസ് കമ്മീഷണർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

അംബാനിയുടെ വീടിന് മുന്നിൽ ബോംബ് വച്ചതിനും,ബോംബ് നിറച്ച വാഹനത്തിന്‍റെ യഥാർഥ ഉടമയെ കൊലപ്പെടുത്തിയതിനും പിന്നിൽ സച്ചിൻ വാസെയെന്ന മുംബൈ പൊലീസുദ്യോഗസ്ഥനെന്നാണ് എൻഐഎകണ്ടെത്തൽ. കേസ് സമാന്തരമായി അന്വേഷിക്കുന്ന മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധസേനയും ഇതേ കണ്ടെത്തൽ നടത്തുകയും സഹായികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ സംസ്ഥാനസർക്കാരിനെ മറികടന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎയ്ക്ക് കേസ് രേഖകളും മറ്റും കൈമാറാൻ മഹാരാഷ്ട്രാ പൊലീസ് തയ്യാറായിരുന്നില്ല. രേഖകൾ കൈമാറുന്നതിൽ ഇനിയും കാലതാമസം പാടില്ലെന്ന് എൻഐഎ കോടതി പൊലീസിനോട് ഉത്തരവിട്ടു. അതേസമയം ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വീഴ്ചയുടെ പേരിൽ സ്ഥലംമാറ്റിയ മുംബൈ പൊലീസ് കമ്മീഷണർ പരംഭീർസിംഗ് സംസ്ഥാന ആഭ്യന്തരമന്ത്രിക്കെതിരെ ഉയർത്തിയ ആരോപണം മഹാരാഷ്ട്രാരാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. 

പൊലീസുകാരെ ഉപയോഗിച്ച് മന്ത്രി വ്യവസായികളെ ഭീഷണിപ്പെടുത്തി എല്ലാമാസവും 100കോടി പിരിക്കുന്നെന്നായിരുന്നു ആരോപണം. മന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ ആവശ്യവുമായി ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ പറഞ്ഞാണ് ഹർജി സുപ്രീംകോടതി തള്ളിയത്. മന്ത്രിക്കെതിരായ ആരോപണങ്ങളിൽ നടപടിആവശ്യപ്പെട്ട് സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കണ്ടു.

Follow Us:
Download App:
  • android
  • ios