സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ വഞ്ചനയില്‍ 30 വർഷത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് പ്രസന്ന കുമാരി.
തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ വഞ്ചനയില്‍ 30 വർഷത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് പ്രസന്ന കുമാരി. വാട്ടർ അതോറിറ്റിയില്‍ ഉദ്യോഗസ്ഥയായിരുന്ന പ്രസന്നകുമാരിക്ക്, മകളുടെ വിവാഹത്തിന് ഒരു രൂപ പോലും കൈയ്യിലെടുക്കാൻ ഉണ്ടായിരുന്നില്ല. നല്ല സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്ന പ്രസന്ന കുമാരിയുടെ വീടും പറമ്പും ജപ്തി ഭീഷണിയിലാണ്. സിപിഎം നേതാക്കളുടെ വാക്ക് വിശ്വസിച്ചാണ് പ്രസന്ന കുമാരി വിരമിച്ചപ്പോള്‍ നീക്കിയിരിപ്പായി ഉണ്ടായിരുന്ന 19 ലക്ഷം രൂപ ബ്രഹ്മഗിരിയില്‍ നിക്ഷേപിച്ചത്. മകളുടെ വിവാഹത്തിനായാണ് പണമെന്നും കൂടിയാല്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പണം തിരികെ വേണ്ടി വരുമെന്നും പ്രസന്ന കുമാരി പറഞ്ഞു. പതിനഞ്ച് ദിവസം സമയം തന്നാല്‍ മതിയെന്നായിരുന്നു ബ്രഹ്മഗിരിയിലെ സിപിഎം നേതാക്കളുടെ മറുപടി.
കല്യാണ തീയ്യതി അടുത്തപ്പോള്‍ പ്രസന്ന കുമാരി പണം ചോദിച്ചു. എന്നാല്‍ സിപിഎം നേതാക്കള്‍ കൈ മലർത്തി. വഞ്ചിക്കപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ പ്രസന്ന കുമാരി തകർന്നു പോയി. കല്യാണം അടുത്തിരിക്കെ എല്ലാ കണക്കുകൂട്ടലും തെറ്റിയ ഒരു കുടുംബത്തിന്‍റെ ആധി ഏതൊരു മനുഷ്യനും ആലോചിക്കാവുന്നതെയുള്ളു. 14 ലക്ഷം കടം വാങ്ങിയാണ് പ്രസന്ന കുമാരി മകളുടെ കല്യാണം നടത്തിയത്. ആ കടം വീട്ടാൻ ഉണ്ടാക്കിയ വീടും സ്ഥലവും പണയം വച്ചു. വായ്പ ബ്രഹ്മഗിരി അടക്കാമെന്നായിരുന്നു വാക്കു പറഞ്ഞത്. എന്നാല്‍ അതുപോലും ഇന്ന് കൃത്യമായി അടക്കുന്നില്ല. ഒരു ജീവിതായുസ്സ് മുഴുവൻ അധ്വാനിച്ച് സർക്കാർ ജോലിയില്‍ നിന്ന് പിരിഞ്ഞ് പ്രസന്ന കുമാരി ഇന്ന് വീട് ജപ്തി ചെയ്യപ്പെടുമോയെന്ന ഭീതിയില്‍ കഴിയുകാണ്.


