കോട്ട, രാജസ്ഥാൻ: ബ്രാഹ്മണരെ വാഴ്‍‍ത്തുന്ന ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പരാമർശത്തിൽ വിവാദം പുകയുന്നു. ജന്മംകൊണ്ടേ ബ്രാഹ്മണർ ഉന്നതരാണെന്നാണ് ഓംബിർള പറഞ്ഞത്. രാജസ്ഥാനിലെ കോട്ടയിൽ നടന്ന അഖില ബ്രാഹ്മണ മഹാസഭയിലാണ് സ്പീക്കർ ഓം ബിർളയുടെ പരാമർശം. മറ്റ് സമുദായങ്ങളോടുള്ള ആത്മാർത്ഥതയും ത്യാഗവും മാർഗദർശിത്വവും കാരണം ബ്രാഹ്മണർ ഉന്നതരാണെന്നും ഓം ബിർള പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെല്ലാം ഓം ബിർളയുടെ പരാമർശം കടുത്ത പ്രതിഷേധത്തിനാണ് വഴി വയ്ക്കുന്നത്.

പരിപാടി നടന്ന കോട്ട, ഓംബിർളയുടെ സ്വന്തം മണ്ഡലമാണ്. ട്വിറ്ററിൽ പരിപാടിയുടെ ചിത്രങ്ങളും ബിർള പങ്കുവച്ചിരുന്നു. ബ്രാഹ്മണസമൂഹം എന്നും വഴികാട്ടികളായിരുന്നെന്നും ബിർള ട്വീറ്റിൽ പറയുന്നു. 

ബിർള രാജി വയ്ക്കണമെന്ന് വരെ ആവശ്യപ്പെട്ട് പലരും സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധമുയർത്തുകയാണ്. ലോക്സഭാ സ്പീക്കറായ ഓംബിർള ജാതിവ്യവസ്ഥയെ ആഘോഷിക്കുകയാണെന്ന് ഗുജറാത്തിലെ ദളിത് ആക്റ്റിവിസ്റ്റും എംഎൽഎയുമായ ജിഗ്നേഷ് മേവാനി. സ്പീക്കർ പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും മേവാനി ആവശ്യപ്പെടുന്നു.