കയ്യിൽ കിട്ടിയ ഒരു കയറെടുത്ത് പുലിയെ ആ കയറിൽ കെട്ടി വീടിന് മുന്നിലെ വാതിലിൽ കെട്ടിയിട്ടാണ് യുവതി വന്യമൃഗത്തെ കൈകാര്യം ചെയ്തത്.
ഉദയ്പൂർ: വീട്ടിനുള്ളിലേക്ക് കയറി വന്ന പുള്ളിപ്പുലിയെ പിടിച്ച് കെട്ടിയിട്ട് യുവതി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. വീടിനുള്ളിലേക്ക് പുലി കയറിയതോടെ വീട്ടിലുണ്ടായിരുന്നവർ പലവഴിയോടി. എന്നാൽ വീട്ടിലുണ്ടായിരുന്ന ഒരു യുവതി ധീരമായി പുലിയെ നേരിടുകയായിരുന്നു. കയ്യിൽ കിട്ടിയ ഒരു കയറെടുത്ത് പുലിയെ ആ കയറിൽ കെട്ടി വീടിന് മുന്നിലെ വാതിലിൽ കെട്ടിയിട്ടാണ് യുവതി വന്യമൃഗത്തെ കൈകാര്യം ചെയ്തത്. പിന്നാലെ തന്നെ യുവതി വനം വകുപ്പിനെ വിവരം വിളിച്ച് അറിയിക്കുകയും ചെയ്തു. കെട്ടുപൊട്ടിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യുവതിയെ അഭിനന്ദനങ്ങളും രൂക്ഷമായ വിമർശനം നേരിടുകയും ചെയ്യുന്നുണ്ട്. എന്തായാലും സ്ഥലത്തെത്തിയ വനം വകുപ്പ് പുള്ളിപ്പുലിയെ പിടിച്ച് അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറന്ന് വിട്ടു. രസകരമായ രീതിയിലാണ് പുറത്ത് വന്ന വീഡിയോയോട് സൈബർ ലോകം പ്രതികരിക്കുന്നത്.
സാധാരണക്കാരിയുടെ ശക്തിയും ധൈര്യവും കുറച്ച് കാണരുതെന്ന് സൈബർ ലോകം
വല്യ അപകടത്തിൽ ചെന്നുചാടിയെന്നാവും പുലി കരുതിയതെന്നും യുവതി പുലിയെ കെട്ടിയിട്ടില്ലെങ്കിൽ നാട്ടുകാർ ആക്രമിച്ച് കൊന്നേനെയെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. മുഴുവൻ കുടുംബത്തെയും വിരട്ടുന്ന പെണ്ണിനോടാണോ കളിയെന്നാണ് മറ്റൊരു കമന്റ്. സാധാരണക്കാരിയായ സ്ത്രീയുടെ ശക്തിയെ കുറച്ച് കാണരുതെന്നും പ്രതികരിക്കുന്നുണ്ട് മറ്റൊരു കമന്റ്. ഒരു പുള്ളിപ്പുലിയുടെ അവസ്ഥ ഇതാണെങ്കിൽ, ഭർത്താവിന്റെ അവസ്ഥ എന്തായിരിക്കും എന്ന തരത്തില്‍ തമാശകളും ആൾക്കാർ വീഡിയോയ്ക്ക് നൽകുന്ന പ്രതികരണത്തിലുണ്ട്. അതേസമയം ആവേശം കൂടിപ്പോയെന്നും പുലി കുറച്ചുകൂടി ശക്തനായിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതിയെന്ന് രൂക്ഷമായി വിമശനം ഉയർത്തുന്നവരും വീഡിയോയുടെ കമന്റ് ബോക്സിൽ നിറയുകയാണ്.
എന്നാൽ പുള്ളിപ്പുലി വീടിന് അകത്ത് എങ്ങനെ കയറിയെന്നത് ഇനിയും വ്യക്തമായില്ല. പുലിയെ വാതിലിൽ കെട്ടിയിട്ട ശേഷം പുറത്ത് ഒരു പുതപ്പുമിട്ട ശേഷമാണ് യുവതി വനംവകുപ്പിനെ വിളിച്ചത്. ഭയാനകമായ ഒരു സാഹചര്യത്തിൽ യുവതി പുലര്‍ത്തിയ സംയമനവും ധൈര്യവും വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്.


