സൗദിയുടെ പ്രധാന എണ്ണവിതരണ സംവിധാനമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പൈപ്പ്ലൈനിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതോടെ റിയാദ്, മദീന എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈനിന്റെ പ്രവർത്തനം സൗദി അറേബ്യ താത്കാലികമായി നിർത്തിവെച്ചു.
ബാഗ്ദാദ്: സൗദി അറേബ്യക്കെതിരായഡ്രോൺ ആക്രമണത്തിന്പിന്നാലെ സൈനിക കമാൻഡറെ പുറത്താക്കി ഇറാഖ്. തെക്കൻ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെയാണ് സേനയിൽനിന്ന് പുറത്താക്കിയതെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ ഓഫീസ് അറിയിച്ചു. സൗദിയുടെ എണ്ണ പൈപ്പ് ലൈനിന് നേരേയുണ്ടായ ഡ്രോൺ ആക്രമണം ഇറാഖിൽനിന്നാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവത്തിന് പിന്നിൽ ഉത്തരവാദികളായവർക്കെതിരേ ഇറാഖ് നടപടി സ്വീകരിച്ചത്.
അതിനിടെ, ഇറാഖിന്റെ അതിർത്തിയിൽനിന്ന് സൗദിയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയവരെ കണ്ടെത്താനായി ഇറാഖ് ഭരണകൂടം അന്വേഷണം ശക്തമാക്കി. ഇറാൻ അനുകൂല സായുധസംഘങ്ങൾക്കുമേലുള്ള നിരീക്ഷണവും ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇറാഖിൽനിന്ന് ഇറാനിലേക്കുള്ള പ്രധാന അതിർത്തികൾ ഇറാഖ് അടച്ചു. ഇറാഖിലെ ബസ്രയിൽനിന്ന് ഇറാനിലേക്കുള്ള വിമാനസർവീസുകളും നിർത്തിവെച്ചു.
സൗദിയുടെ പ്രധാന എണ്ണവിതരണ സംവിധാനമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പൈപ്പ്ലൈനിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതോടെ റിയാദ്, മദീന എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈനിന്റെ പ്രവർത്തനം സൗദി അറേബ്യ താത്കാലികമായി നിർത്തിവെച്ചു.
ഇറാഖിൽനിന്നാണ് പൈപ്പ്ലൈനിന് നേരേ ഡ്രോൺ ആക്രമണമുണ്ടായതെന്ന് സൗദി അറേബ്യ പറഞ്ഞിരുന്നു. സംഭവത്തിൽ ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് തത്കാലം തിരിച്ചടിക്കില്ലെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഇറാഖിന്റെ മണ്ണിൽനിന്നുള്ള ഇത്തരം ആക്രമണങ്ങളെ തടയാനും സംഭവത്തിന് പിന്നിലുള്ളവർക്കെതിരേ നടപടികളെടുക്കാനും ഇറാഖിന് സമയം നൽകേണ്ടതുണ്ടെന്നും അതിനാലാണ് തിരിച്ചടിക്ക് മുതിരാത്തതെന്നും സൗദി അറേബ്യ പറഞ്ഞിരുന്നു.