ലഖ്നൗ: വിവാഹദിനത്തിൽ ഉള്ളിയും വെളുത്തുള്ളിയും കൊണ്ട് നിർമ്മിച്ച പൂമാല കൈമാറി വരനും വധുവും. ദിനം പ്രതി മുന്നോട്ട് കുതിക്കുന്ന ഉള്ളി വിലയിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് ദമ്പതികൾ പറയുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾ‌ വധൂവരൻമാർക്ക് സമ്മാനിച്ചത് ഓരോ ബാസ്കറ്റ് നിറയെ ഉള്ളിയായിരുന്നു. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഈ അപൂര്‍വ്വ വിവാഹം.

''ദിനംപ്രതി റോക്കറ്റ് പോലെയാണ് ഉള്ളി വിലയുടെ കുതിപ്പ്. സ്വർണത്തിനൊപ്പം മൂല്യമുള്ള വസ്തുവായിട്ടാണ് ഇപ്പോൾ മിക്കവരും ഉള്ളിയെ പരി​ഗണിക്കുന്നത്. വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് ഉളളിമാല അണിയാനുള്ള തീരുമാനം. ഉള്ളിവില ഇപ്പോൾ കിലോയ്ക്ക് 120 ൽ എത്തിനിൽക്കുകയാണ്.'' സമാജ് വാദി പാർട്ടി നേതാക്കളിലൊരാളായ കമൽ പട്ടേൽ പറയുന്നു. 

ഭക്ഷ്യവസ്തുക്കൾക്കും ഉള്ളിക്കും വിലവർദ്ധിച്ചതിനെതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കുകയാണ് ദമ്പതികൾ ചെയ്തതെന്ന് സമാജ് വാദി പാർട്ടി അം​ഗമായ സത്യപ്രകാശ് അഭിപ്രായപ്പെട്ടു. ഇത്തരം സാമൂഹ്യപ്രസക്തമായ വിഷയങ്ങളിൽ‌ സമാജ് വാദി പാർട്ടി പ്രതിഷേധം രേഖപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദമ്പതികളെ സംബന്ധിച്ച് ഇത് ചരിത്രപരമായ നിമിഷമാണ്. വരാണസിയിൽ ഉള്ളിവില ദിനംപ്രതി വർദ്ധിക്കുകയാണെന്നും അദ്ദേ​ഹം ചൂണ്ടിക്കാണിച്ചു.