ബെംഗളൂരു: ലോക്ക്ഡൗണ്‍ കാലത്ത് മകന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹം നടത്തിയ മുന്‍മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക മുഖ്യമന്ത്രി യെദിയൂരപ്പയുടെ പിന്തുണ. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയടക്കമുള്ള കുടുംബാംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ബെംഗളൂരുവിന് 28 കിലോമീറ്റര്‍ അകലെയുള്ള ഫാം ഹൗസിലായിരുന്നു വിവാഹം. വിവാഹത്തിനെത്തിയവര്‍ മാസ്‌ക് ധരിക്കുകയോ മറ്റ് മുന്‍കരുതല്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇത് സംബന്ധിച്ച് കുമാരസ്വാമിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാല്‍, അനുമതി വാങ്ങിയാന്‍ കുമാരസ്വാമി മകന്റെ വിവാഹം നടത്തിയതെന്നും ലളിതമായ ചടങ്ങായിരുന്നെന്നും മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അവര്‍ കാര്യങ്ങള്‍ നന്നായി ചെയ്തു. അവരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 70ല്‍ കുറഞ്ഞ കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് കുമാരസ്വാമിയുടെ വാദം. എന്നാല്‍, കര്‍ണാടക പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് 42 വാഹനങ്ങളും 120ന് മുകളില്‍ ആളുകളും ചടങ്ങിനെത്തി. പാര്‍ട്ടി പ്രവര്‍ത്തകരെയോ സുഹൃത്തുക്കളെയോ വിവാഹത്തിന് ക്ഷണിക്കാത്തതില്‍ കുമാരസ്വാമി ക്ഷമ ചോദിച്ചിരുന്നു. അതേസമയം, ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.