ദില്ലി: ജമ്മു കശ്മീരിലെ ഇന്ത്യ - പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി. പാകിസ്ഥാന്‍ സഹായത്തോടെ തീവ്രവാദികള്‍ നിര്‍മ്മിച്ചതാണ് തുരങ്കമെന്ന് അതിര്‍ത്തി രക്ഷാ സേന അറിയിച്ചു. നേരത്തെ പുല്‍വാമയില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ സൈനികനായ പ്രശാന്ത് ശർമ്മ വീര മൃത്യു വരിച്ചു.

ജമ്മു കശ്മീരിലെ സാംബയില്‍ മണ്ണിടിഞ്ഞു താഴുന്നത് ശ്രദ്ധയില്‍ പെട്ടതോടെ നടത്തിയ പരിശോധനയിലാണ് അതിര്‍ത്തി രക്ഷാ സേന തുരങ്കം കണ്ടെത്തിയത്.  തുരങ്ക മുഖം മണല്‍ച്ചാക്കുകള്‍ നിറച്ച് അടച്ചിരിക്കുകയായിരുന്നു.  20 മീറ്ററിലധികം തുരങ്കത്തിന് നീളമുണ്ട്. പാകിസ്ഥാന്‍ ചെക്ക് പോസ്റ്റിന് 400 മീറ്റര്‍ മാത്രം അകലെയാണ് തുരങ്കം അവസാനിക്കുന്നത്. പാക് ഒത്താശയില്ലാതെ തുരങ്കം നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍. തുരങ്ക മുഖത്തുനിന്നു കണ്ടെത്തിയ മണല്‍ച്ചാക്കില്‍ കറാച്ചിയിലെ കെമിക്കല്‍ ഫാക്ടറിയുടെ വിലാസമുണ്ടായിരുന്നു. ചാക്കിന് അധികം പഴക്കമില്ലാത്തതിനാല്‍ തുരങ്കം അടുത്ത് നിര്‍മ്മിച്ചതെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. അതിര്‍ത്തിയില്‍ പരിശോധന  കൂട്ടാന്‍  ബി‌എസ്‌എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന നിര്‍ദ്ദേശം നല്‍കി.  

അതിനിടെ, പുലർച്ചയോടെയാണ് തെക്കൻ കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. വൻ ആയുധശേഖരവുമായി ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സദൂര മേഖലയിൽ സൈന്യം തിരച്ചിലാരംഭിച്ചത്. തെരച്ചില്‍ സംഘത്തിന് നേരെ ആക്രണം തുടങ്ങിയതോടെ സൈന്യം തിരിച്ചടിച്ചു. പുൽവാമ കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനം നടത്തുന്ന സംഘത്തിലെ ദിൽ ഹഫീസ്, റൗഫ്, ആർഷിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികളില്‍ നിന്ന് വൻ ആയുധശേഖരവും കണ്ടെത്തി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികനെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഷോപിയാനിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിക്കുകയും ഒരു ഭീകരനെ പിടികൂടുകയും ചെയ്തു.