ഇടതുകക്ഷികൾ ഒഴികെയുള്ള പാർട്ടികൾ കരുതലോടെയാണ് പ്രതികരിക്കുന്നത്. കലാപകാരികളെ പ്രതിപക്ഷം സഹായിക്കുന്നു എന്ന വാദം ഉയർത്തി രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമം

ദില്ലി: ഉത്തർപ്രദേശിലെ ബുൾഡോസർ കാഴ്ചകൾ രാജ്യതലസ്ഥാനത്തും ആവർത്തിക്കുമ്പോൾ ഭരണപക്ഷത്തിൻറെ വ്യക്തമായ ആസൂത്രണം സംശയിക്കുകയാണ് പ്രതിപക്ഷം. ഇടതുകക്ഷികൾ ഒഴികെയുള്ള പാർട്ടികൾ കരുതലോടെയാണ് പ്രതികരിക്കുന്നത്. കലാപകാരികളെ പ്രതിപക്ഷം സഹായിക്കുന്നു എന്ന വാദം ഉയർത്തി രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമം. എ ഐ എം ഐ എം നേതാവ് ഒവൈസി ജഹാംഗീർ പുരിയിൽ എത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മുഴങ്ങിയ വാക്കായിരുന്നു ബുൾഡോസർ. യോഗി ആദിത്യനാഥ് തൻറെ ഭരണത്തിൻറെ പ്രതീകമായി ബുൾഡോസറിനെ ചിത്രീകരിച്ചു. ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ച യോഗി ആദിത്യനാഥ് ഒരു വിഭാഗത്തിനെതിരായ നടപടികളുടെ ചിഹ്നമായും ബുൾഡോസർ ഉപയോഗിച്ചു. യുപിയിലെ ബിജെപി വിജയം ബുൾഡോസർ രാഷ്ട്രീയം മറ്റിടങ്ങളിലും ആവർത്തിക്കാൻ ഇടയാക്കിയിരിക്കുന്നു. 
മധ്യപ്രദേശിലെ കർഗാവിൽ രാമനവമിക്കു ശേഷം സംഘർഷം ഉണ്ടായപ്പോഴും ബുൾഡോസർ ഉപയോഗിച്ചിരുന്നു. ശിവരാജ് സിംഗ് ചൗഹാൻ ഇതിനെ ന്യായീകരിച്ചു. ഇപ്പോൾ ദില്ലിയിൽ ഹനുമാൻ ജയന്തി ദിവസത്തെ സംഘർഷത്തിൻറെ പേരിലും ബുൾഡോസർ ആയുധമാകുമ്പോൾ, പ്രതിപക്ഷം ഒരു രാഷ്ട്രീയ പദ്ധതി ഭയക്കുന്നു. ബുൾഡോസറിനെ ഇന്ന് എതിർത്തവർ കലാപകാരികൾക്കൊപ്പമാണെന്ന പ്രചാരണം ബിജെപി തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കരുതലോടെ പ്രതികരണം നല്കുകയാണ് കൂടുതൽ പ്രതിപക്ഷ പാർട്ടികൾ. 

കൽക്കരി ക്ഷാമത്തെക്കുറിച്ചുള്ള ട്വീറ്റിൽ ബുൾഡോസർ വിദ്വേഷത്തിൻറെ ചിഹ്നമാകരുത് എന്ന വരിയിൽ രാഹുൽ ഗാന്ധി പ്രതികരണം ഒതുക്കി. കപിൽ സിബൽ കോടതിയിൽ പോയത് സ്വന്തം നിലയ്ക്കാണ്. ചില എഎപി നേതാക്കൾ പ്രതികരിച്ചെങ്കിലും അരവിന്ദ് കെജ്രിവാളും സ്ഥലത്തേക്ക് പോകാതെ മാറി നിന്നു. വൃന്ദകാരാട്ടിൻറെ പ്രതിഷേധത്തിലൊതുങ്ങി പ്രതിപക്ഷ സാന്നിധ്യം. പിന്നാലെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും സ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരുടെ അവകാശങ്ങൾക്കായി സംസാരിക്കാൻ പോലും വോട്ട് ബാങ്ക് രാഷ്ട്രീയം തടസ്സമാകുമ്പോൾ കൂടുതൽ സ്ഥലങ്ങളിൽ ഈ ബുൾഡോസർ കാഴ്ച പ്രതീക്ഷിക്കാം.