വാപി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൻജൻ ഗ്രാമത്തിലെ ബിജെ ജ്വല്ലറിയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്

വൽസാദ്: ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ. ഒടുവിൽ രക്ഷനേടാനായി കടയ്ക്കുള്ളിൽ നിന്ന് പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ. ഗുജറാത്തിലെ വൽസാദ് ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സാർ ഞങ്ങൾ മോഷ്ടിച്ചു, നാട്ടുകാർ ഷട്ടർ അടച്ച് കടയ്ക്ക് മുന്നിൽ നിൽക്കുന്നു, രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് മോഷ്ടാക്കൾ പൊലീസ് ഹെൽപ് ലൈനിൽ ബന്ധപ്പെട്ടത്. വാപി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൻജൻ ഗ്രാമത്തിലെ ബിജെ ജ്വല്ലറിയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. സ്ഥലത്തെത്തിയ പൊലീസ് മോഷ്ടാക്കളെ പിടികൂടി. ദിനേശ് സോൻകർ, വിപിൻ പാഥക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജ്വല്ലറിക്ക് ചുറ്റും മാരകായുധങ്ങളുമായി തടിച്ച് കൂടിയ നാട്ടുകാരിൽ നിന്ന് ഏറെ പണിപ്പെട്ടാണ് മോഷ്ടാക്കളെ പൊലീസ് വാഹനത്തിൽ കയറ്റിയത്.

ജ്വല്ലറിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ റോഡിലൂടെ പോയ നാട്ടുകാർക്ക് തോന്നിയ സംശയമാണ് കള്ളന്മാരുടെ പ്ലാൻ പൊളിച്ചത്. പ്രദേശവാസികൾ കടയുടെ ഷട്ടർ പുറത്തുനിന്ന് താഴേക്ക് വലിച്ചിട്ട് ഇവരെ ഉള്ളിൽ കുടുക്കുകയായിരുന്നു. വിവരമറിഞ്ഞ് വടികളുമായി നിരവധി ആളുകൾ ജ്വല്ലറിക്ക് മുന്നിൽ തടിച്ചുകൂടുകയും ഷട്ടർ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഭയന്നുപോയ മോഷ്ടാക്കൾ കടയ്ക്കുള്ളിൽ പൂട്ടിയിരിക്കുകയും പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. ഇവർ മോഷ്ചിക്കാൻ ശ്രമിച്ച ചില ആഭരണങ്ങളും പൂട്ട് തകർക്കാൻ ഉപയോഗിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം