കർണാടകയിലെ ഹാസനിൽ വാഹനാപകടം. വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളുടെ പഠനയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. 15ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

ബെം​ഗളൂരു: മലയാളി വിദ്യാർത്ഥികളുമായെത്തിയ പഠനയാത്ര സംഘം അപകടത്തിൽപ്പെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. സംഭവത്തിൽ 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബെം​ഗളൂരു സന്ദർശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളാണ് ഇവർ. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ഹാസനിലെ അറയ്ക്കൽ​ഗു‍‍ഡ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവിടെ പവർ​ഗ്രല്ലിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. 15ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരുടെയും പരിക്ക് ​ഗുരുതരമല്ല. സംഭവം നടന്നയുടൻ തന്നെ വിദ്യാർത്ഥികളെ നാട്ടുകാർ ചേർന്ന് അറയ്ക്കൽ​ഗു‍‍ഡയിലെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നേടിയ ശേഷം ഇന്നലെ രാത്രി തന്നെ സംഘം മടങ്ങി.