ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതം സംഭവിച്ച് മരിച്ചപ്പോൾ യാത്രക്കാരുടെ ജീവൻ അപകടത്തിലാവാതിരിക്കാൻ സ്റ്റിയറിംഗ് തിരിച്ച് കണ്ടക്ടർ

ബെംഗളൂരു: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. ബസ്സിൽ തന്നെ മരണവും സംഭവിച്ചു. കണ്ടക്ടറുടെ സമയോചിത ഇടപെടലാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. 

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (ബിഎംടിസി) ബസ് ഡ്രൈവറായ കിരണ്‍ കുമാറാണ് (40) ഡ്രൈവിംഗിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ നെലമംഗലയിൽ നിന്ന് ദസനപുര ഭാഗത്തേക്ക് ബസ് ഓടിക്കുന്നതിനിടെയാണ് സംഭവം. 

ഹൃദയാഘാതം സംഭവിച്ച് ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസ്സിൽ ഉരസി. ഒട്ടും വൈകാതെ കണ്ടക്ടർ ഒബലേഷ് ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ബസ് റോഡരികിൽ നിർത്തി. ബസ്സിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉടനെ തന്നെ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) കിരൺ കുമാറിന്‍റെ മരണത്തിൽ അനുശോചിച്ചു. മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥർ കുടുംബത്തെ സന്ദർശിച്ച് ധനസഹായം ഉറപ്പ് നൽകി. 

ടൂറിസ്റ്റ്ബസ് കോട്ടയത്തേക്ക്, മഹർഷിക്കാവെത്തിയപ്പോൾ എൻജിൻ ഭാഗത്ത് തീ; ഡ്രൈവറുടെ സഡൻ ആക്ഷൻ രക്ഷിച്ചത് 30 പേരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം