ബട്‍ല ഹൗസ് ഏറ്റുമുട്ടല്‍ കേസ്; ഇന്ത്യൻ മുജാഹിദീൻ ഭീകരൻ ആരിസ് ഖാന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു
ആരിസ് ഖാൻ നല്‍കിയ അപ്പീലിന്‍മേല്‍ ദില്ലി ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഏറ്റുമുട്ടലില്‍ ആരിസ് ഖാന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി ശരിവെച്ചു

ദില്ലി: ബട്‍ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ കുറ്റക്കാരനായ ഇന്ത്യൻ മുജാഹിദീൻ ഭീകരൻ ആരിസ് ഖാന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു . ആരിസ് ഖാൻ നല്‍കിയ അപ്പീലിന്‍മേല്‍ ദില്ലി ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഏറ്റുമുട്ടലില്‍ ആരിസ് ഖാന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി ശരിവെച്ചു. ദക്ഷിണ ദില്ലിയിലെ ജാമിയ നഗററിലുള്ള ബട്ല് ഹൗസ് ഫ്ലാറ്റിലാണ് 2008 സെപ്റ്റംബർ 19ന് ഭീകരരും ദില്ലി പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവെപ്പില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഒപ്പം പൊലീസ് ഇൻസ്പെക്ടറായ മോഹൻ ചന്ദ് ശർമയും വീരമൃത്യു വരിച്ചു . ഈ കേസിലാണ് ആരിസ്ഖാൻ 2018 ല്‍ അറസ്റ്റിലായത്.
ദില്ലിയില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 159 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ബട്ല ഹൗസില്‍ റെയ്ഡും തുടര്‍ന്ന് ഏറ്റുമുട്ടലും നടന്നത്. സ്ഫോടനം ഇന്ത്യൻ മുജാഹിദീൻ ചെയ്തതാണെന്ന് കണ്ടെത്തിയിരുന്നു. ഭീകരർ ബട്ല ഹൗസില്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ബട്ല ഹൗസില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഭീകര സംഘത്തിലുണ്ടായിരുന്ന ആരിസ് ഖാനും ഷഹസാദ് അഹമ്മദും ഉള്‍പ്പെടെയുള്ളവർ രക്ഷപ്പെട്ടു.
രണ്ട് വർഷത്തിന് ശേഷം ഷഹസാദ് അഹമ്മദ് ലക്നൗവില്‍ വെച്ച് പിടിയിലായി. ആരിസ് ഖാൻ പത്ത് വർഷത്തിന് ശേഷവും അറസ്റ്റിലാവുകയായിരുന്നു. 2021 ല്‍ വിചാരണ കോടതി പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ആരിസ് ഖാന് വധശിക്ഷയും പതിനൊന്ന് ലക്ഷം പിഴയും വിധിച്ചു. ഇതില്‍ ആരിസ് ഖാന്‍ നല്‍കിയ അപ്പിലീലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി ശരി വെക്കുകയും എന്നാല്‍ വധശിക്ഷ ജീവപര്യന്തമായി കുറക്കുകയും ചെയ്തത്.
സിറിയയിലെ വിമാനത്താവളങ്ങള്‍ക്കുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം