വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പശ്ചിമ ബംഗാളിലും അസമിലും ബിജെപി മുന്നേറുന്നു. തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെയും എഐഎഡിഎംകെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാരുകൾക്ക് ഈ തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.
ദില്ലി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്ന് തുടങ്ങുമ്പോൾ ബംഗാളിൽ ബിജെപിക്കും തമിഴ്നാട്ടിൽ ടിവികെയ്ക്കും ലീഡ്. പശ്ചിമ ബംഗാളിലെ രണ്ടു സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ബിജെപിക്ക് നന്ദിഗ്രാമിൽ 1900 വോട്ടിൻറെ ലീഡ് ആണുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഇതുവരെ കിട്ടിയത് 18 വോട്ടുകൾ മാത്രമാണ്. കൂടാതെ രജിനഗറിൽ ബിജെപി 900 വോട്ടിൻറെ ലീഡുമായി കുതിക്കുകയാണ്. രണ്ടാം സ്ഥാനത്ത് മമതയുടെ തൃണമൂൽ കോൺഗ്രസ് ആണ്. ബംഗാൾ കൂടാതെ അസമിലും ബിജെപിയാണ് മുന്നിലുള്ളത്. അതേസമയം, തമിഴ്നാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്. വിജയ്‍യുടെ ടിവികെ രണ്ട് മണ്ഡലങ്ങളിലും മുന്നിലായിരുന്നുവെങ്കിലും നിലവിൽ ഒരു സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. മധുരാന്തകം ടിവികെ ലീഡ് 2000 കടക്കുമ്പോൾ ധാരാപുരത്ത് എഐഎഡിഎംകെ 66 വോട്ട് ലീഡ് ചെയ്യുകയാണ്.
പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലെ ജനവിധിയാണ് പുറത്തുവരുന്നത്. തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാരുകൾക്ക് ഫലം നിർണായകമാണ്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലായി അഞ്ച് നിയമസഭാ സീറ്റുകളിലേക്കും അസമിലെ ഒരു ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടിൽ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങൾ ആണ് വിധിയെഴുതിയത്. ടി.വി.കെ അധികാരത്തിലെത്തിയ ശേഷമുള്ള നിർണായക ഉപതിരഞ്ഞെടുപ്പാണിത്. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് ശേഷം ബി.ജെ.പി അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ, പശ്ചിമ ബംഗാളിൽ നന്ദിഗ്രാം, റെജിനഗർ ഫലങ്ങൾ പ്രധാനമാണ്. പുതുച്ചേരിയിലെ തട്ടഞ്ചാവടി നിയമസഭാ മണ്ഡലത്തിലെയും അസമിലെ നൗഗോൺ ലോക്‌സഭാ മണ്ഡലത്തിലെയും വോട്ടെണ്ണലും തുടരുകയാണ്.


