രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസ് വൻ വിജയം നേടി. ഇത് ബിജെപിയുടെ ദുർഭരണത്തിനുള്ള ഗ്രാമങ്ങളുടെ മറുപടിയാണെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പറഞ്ഞു.

ദില്ലി: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ദേശീയതലത്തിൽ ആയുധമാക്കി കോൺഗ്രസ്. രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദത്തിൻ്റെ പ്രതിഫലനമാണിതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഇരട്ട എഞ്ചിൻ സർക്കാരിനുള്ള നേരിട്ടുള്ള മറുപടിയാണിതെന്നും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയതിനും, തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കിയതിനും, കർഷകരെ കടക്കെണിയിലാക്കിയതിനും കേന്ദ്രസർക്കാറിന് ലഭിച്ച മറുപടിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഡബിൾ എഞ്ചിൻ ദുർഭരണത്തിന് ബിജെപിയെ പാഠം പഠിപ്പിക്കാൻ ജനം തീരുമാനിച്ചതാണെന്ന് കോൺഗ്രസ് അധ്യക്ഷന് മല്ലികാർജുൻ ഖർഗെ വിമർശിച്ചു. രാജസ്ഥാൻ മുതൽ എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങൾ കോൺഗ്രസിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്നും ഖർ​ഗെ അവകാശപ്പെട്ടു. ഭൂരിഭാഗം ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വിജയിച്ച് വമ്പന് വിജയമാണ് രാജസ്ഥാനില് കോൺഗ്രസ് നേടിയത്.

രാജസ്ഥാനിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബഹുദൂരം പിന്നിലായി ബിജെപി. 37 ജില്ലാ പഞ്ചായത്തുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 24 പഞ്ചായത്തുകളിലാണ് കോൺഗ്രസ് വൻ ലീഡ് നേടിയത്. എട്ട് സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിൽ സ്വതന്ത്രരും ലീഡ് ചെയ്യുന്നത്. 419 പഞ്ചായത്ത് സമിതികളിൽ 177 സീറ്റുകളിലാണ് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. ബിജെപിക്ക് 81 സീറ്റുകൾ സുരക്ഷിതമാക്കാൻ സാധിച്ചിട്ടുണ്ട്. പഞ്ചായത്ത് സമിതികളിൽ ലീഡിൽ നിൽക്കുന്ന 56 സ്വതന്ത്രരുടെ നിലപാട് നിർണായകമായേക്കും. പ്രാദേശിക തലത്തിൽ ശക്തമായ പ്രകടനമാണ് കോൺഗ്രസ് കാഴ്ചവയ്ക്കുന്നത്. നിലവിൽ ബിജെപിയാണ് രാജസ്ഥാനിൽ ഭരണത്തിലുള്ളത്.

2028 രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഊർജ്ജം പകരുന്നതാണ് നിലവിലെ ട്രെൻഡ്. പ്രാദേശിക തലങ്ങളിൽ തങ്ങളുടെ പ്രകടനത്തിൽ പുനർ ചിന്തനം നടത്തേണ്ട പ്രകടനമാണ് നിലവിൽ ഭരണത്തിലുള്ള ബിജെപിയുടേത്. രാഷ്ട്രീയ ലോക്തന്ത്ര് പാർട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടിയിട്ടുണ്ട്. ഭാരത് ആദിവാസി പാർട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകൾ നേടിയിട്ടുണ്ട്. സിപിഐഎം 43 പഞ്ചായത്ത് സമിതികളും മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും വിജയം നേടി. ബിഎസ്പി 36 പഞ്ചായത്ത് സമിതി സീറ്റുകളും ആം ആദ്മി പാർട്ടി 2 പഞ്ചായത്ത് സമിതി സീറ്റുകളും നേടി. രാജസ്ഥാനിലെ 41 ജില്ലകളിലായി 7543 പഞ്ചായത്ത് സമിതി സീറ്റുകളും 1275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്