ദില്ലി: രാജ്യത്ത് വൻ പ്രതിഷേധത്തിന് കളമൊരുക്കിയ പൗരത്വ നിയമ ഭേദഗതിയെ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. പൗരത്വ നിയമ ഭേദഗതി ആരുടേയും നിയമ, ജനാധിപത്യ, മതേതര അവകാശങ്ങളെ ഹനിക്കുന്നതല്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജികളിലുള്ള കേന്ദ്ര സർക്കാരിന്റെ മറുപടി. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് പാർലമെന്റിന് അധികാരമുണ്ടെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. അനുബന്ധങ്ങൾ ഉൾപ്പടെ ആയിരത്തി ഇരുന്നൂറിലധികം പേജുള്ള മറുപടി സത്യവാങ്ങ്മൂലമാണ് കേന്ദ്ര സർക്കാർ സമർപ്പിച്ചത്.

അയൽ രാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങൾ ഏതെന്ന് തീരുമാനിക്കാൻ പാർലമെന്റിന് അധികാരമുണ്ട്.  ഈ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ഭൂരിപക്ഷ സമുദായത്തിൽ പെട്ട അഹമ്മദിയ, ഷിയ വിഭാഗങ്ങൾക്ക്  ഇന്ത്യയിൽ ന്യൂനപക്ഷ അവകാശം നൽകാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി നിയമത്തിൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയെന്ന വാദം തെറ്റാണെന്നും സർക്കാർ അറിയിച്ചു.