ദില്ലി: ബിജെപിയെ ദുശ്ശാസനന്റെ പാർട്ടി എന്ന് വിശേഷിപ്പിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺ​ഗ്രസ് സർക്കാരിനെ ശിഖണ്ഡി എന്ന് ബിജെപി വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മമത ബാനർജിയുടെ ഈ വിശേഷണം. പൗരത്വ നിയമ ഭേദ​ഗതി  വിഷയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംവാദങ്ങളിൽ‌ ഇതിഹാസ കാവ്യമായ മഹാഭാ​രതത്തെയാണ് ഇരുപാർട്ടികളും കൂട്ടുപിടിച്ചിരിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.

പൗരത്വ ഭേദഗതി നിയമം (സി‌എ‌എ), ദേശീയ പൗരന്മാരുടെ രജിസ്റ്റർ (എൻ‌ആർ‌സി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌പി‌ആർ) എന്നിവ നിർബന്ധിതമായി നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു. ഇത്തരം നടപടികൾ ദുർമന്ത്രവാദത്തിന് സമമാണെന്നും എങ്ങനെയെങ്കിലും ഇത് അവസാനിപ്പിക്കുമെന്നും മമത കൂട്ടിച്ചേർത്തു. രാജ്യത്തെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നായിരുന്നു മമത ബാനർജിയുടെ അഭ്യർത്ഥന. ബിജെപിയെപ്പോലെ ദുശ്ശാസനന്റെ പാർട്ടിയല്ല തൃണമൂൽ കോൺ​ഗ്രസ് എന്നും മുഹമ്മദ് ബിൻ തു​ഗ്ലക്കിന്റെ സന്തതികളാണ് ബിജെപിയെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. നാദിയ ജില്ലയിലെ റാണാഘട്ടിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി.

അമ്മയുടെ ജനന സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെങ്കിൽ മോദി സർക്കാർ തന്നെ രാജ്യത്ത് നിന്നും പുറത്താക്കുമായിരുന്നോ എന്നും മമത ബാനർജി ചോദിച്ചു. പൗരത്വ രജിസ്റ്റർ നടപടികൾ ഭയന്ന് പശ്ചിമബം​ഗാളിൽ മുപ്പതിലധികം പേരാണ് മരിച്ചതെന്നും മമത വ്യക്തമാക്കി. പൗരത്വ നിയമ ഭേദ​ഗതിയുടെ യഥാർത്ഥ പ്രശ്നങ്ങൾ മറച്ചു വച്ച് ചില രാഷ്ട്രീയ പാർട്ടികൾ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.