പ്രക്ഷോഭം നടത്തുവരോട് സമാധാനം പാലിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ആവശ്യപ്പെട്ടു. അതേ സമയം, സംസ്ഥാന സര്‍ക്കാര്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. 

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗാളിലേക്ക് പടരുന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ഡംഗയില്‍ പ്രക്ഷോഭകാരികള്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ പ്രക്ഷോഭകാരികള്‍ മര്‍ദ്ദിച്ചു. റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടെ പോകുകയായിരുന്ന സമരക്കാര്‍ പെട്ടെന്ന് സ്റ്റേഷന്‍റെ അകത്തേക്ക് കയറി മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയും തടയാന്‍ എത്തിയ സുരക്ഷ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്ന് സീനിയര്‍ സുരക്ഷ ഓഫിസര്‍ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

പ്രക്ഷോഭത്തെ തുടര്‍ന്ന് മുര്‍ഷിദാബാദ് ജില്ലയിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൗറയിലെ ഉലുബേറിയ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് തടയുകയും ട്രെയിനുകള്‍ക്ക് കേടുവരുത്തുകയും ചെയ്തു. ലോക്കോ പൈലറ്റിനും മര്‍ദ്ദനമേറ്റു. കൊല്‍ക്കത്തയിലും അക്രമമരങ്ങേറി. മിഡ്നാപൂരില്‍ ബിജെപി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സായന്തന്‍ ബസുവിന്‍റെ കാറിന് നേരെ ആക്രമണമുണ്ടായി. പൊലീസെത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. 

പ്രക്ഷോഭം നടത്തുവരോട് സമാധാനം പാലിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ആവശ്യപ്പെട്ടു. അതേ സമയം, സംസ്ഥാന സര്‍ക്കാര്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ദില്ലിയിലും സമരം ശക്തമാകുകയാണ്. പ്രക്ഷോഭവുമായി രംഗത്തെത്തിയ ജാമിയ മിലിയ സര്‍വകലാശാലയിലെ അമ്പതോളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസമില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ കൂടുതല്‍ പൊലീസുകാരെ രംഗത്തിറക്കി.