Asianet News MalayalamAsianet News Malayalam

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: ജ്യോതിരാദിത്യയ്ക്ക് സാധ്യത, വി മുരളീധരന് സ്വതന്ത്രപദവി കിട്ടുമോ?

നേരിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽ നിന്ന് ക്ഷണം കിട്ടിയവരെല്ലാം ദില്ലിയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് സ്വതന്ത്രചുമതലയുള്ള ഒരു മന്ത്രാലയം ലഭിക്കുമോ?

cabinet reshuffle of modi ministry probable candidates
Author
New Delhi, First Published Jul 6, 2021, 4:16 PM IST

ദില്ലി: രണ്ടാം മോദി സർക്കാരിന്‍റെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ആരൊക്കെയുണ്ടാകും? രാഷ്ട്രീയകേന്ദ്രങ്ങൾ മുഴുവൻ ഉറ്റുനോക്കുന്ന പുനഃസംഘടനയിൽ സ്ഥാനം കൽപിക്കപ്പെടുന്നവരിൽ പലരും ദില്ലിയിൽ എത്തിച്ചേർന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽ നിന്ന് ക്ഷണം കിട്ടിയവരെല്ലാം ദില്ലിയിലെത്തിയെന്നാണ് സൂചന. കോൺഗ്രസ് വിട്ട് മധ്യപ്രദേശ് സർക്കാരിനെ താഴെ വീഴ്ത്തി ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയാകുമെന്നാണ് സൂചന. ദില്ലിയിലേക്ക് വരുന്നതിന് മുമ്പ്, ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലെത്തിയ ജ്യോതിരാദിത്യ ക്ഷേത്രദർശനത്തിന് ശേഷം താൻ ദില്ലിയിലേക്ക് പോകുകയാണെന്ന് മാധ്യമപ്രവർത്തകരോട് സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് സ്വതന്ത്രചുമതലയുള്ള ഒരു മന്ത്രാലയം ലഭിക്കുമോ എന്ന് സംസ്ഥാനവും ഉറ്റുനോക്കുന്നു. 

കേന്ദ്രമന്ത്രിസഭയിൽ നിലവിൽ ഒരു ഒഴിവുണ്ട്. പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര സാമൂഹ്യനീതിമന്ത്രി തവർചന്ദ് ഗെഹ്ലോട്ടിനെ കർണാടക ഗവർണറാക്കി മാറ്റിയിട്ടുണ്ട്. വ്യാപകമായി മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാരെയും പലയിടങ്ങളിലേക്കായി മാറ്റിയിട്ടുണ്ട്. പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണറാകും. മിസോറം ഗവർണറായി ഹരിബാബു കംബംഭാട്ടി അധികാരമേൽക്കും. 

ജനതാദൾ നേതാവ് ആർസിപി സിംഗും രാവിലെ ദില്ലിയിലെത്തിയിട്ടുണ്ട്. മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനും കേന്ദ്രമന്ത്രിപദവി ഏതാണ്ടുറപ്പാണ്. ബിജെപി രണ്ടാമത് അധികാരത്തിലെത്തിയപ്പോൾ അസം മുഖ്യമന്ത്രിപദം ഹിമന്ത ബിശ്വ ശർമയ്ക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്ത സർബാനന്ദ സോനോവാളിന് അന്ന് തന്നെ കേന്ദ്രമന്ത്രിപദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയേക്കാം എന്ന് അഭ്യൂഹമുയർന്നിരുന്നു. 

ലോക് ജനശക്തി പാർട്ടിയിലെ പിളർപ്പിന് നേതൃത്വം നൽകിയ, മുൻകേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍റെ സഹോദരൻ പശുപതി കുമാർ പരസിന് സ്ഥാനക്കയറ്റം കിട്ടാനാണ് സാധ്യത. അദ്ദേഹവും ദില്ലിയിലെത്തിയിട്ടുണ്ട്. 

കേന്ദ്രമന്ത്രിപദവി കിട്ടുമോ എന്ന് കാത്ത്, ദില്ലിയിലുള്ള മറ്റ് നേതാക്കൾ ഇവരാണ്, ദിനേശ് ത്രിവേദി, ജിതൻ പ്രസാദ, അനുപ്രിയ പട്ടേൽ (അപ്നാ ദൾ), പങ്കജ് ചൗധരി, റീതാ ബഹുഗണ ജോഷി, രാംശങ്കർ കഠാരിയ, വരുൺ ഗാന്ധി, ലല്ലൻ സിംഗ്, രാഹുൽ കസ്വാൻ. 

വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും അടക്കം പങ്കെടുക്കുന്ന ഉന്നതതലയോഗം റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രിസഭയിൽ ഉടൻ മാറ്റമുണ്ടാകുമെന്നതിന്‍റെ കൃത്യമായ സന്ദേശമാണിതെന്ന് രാഷ്ട്രീയവൃത്തങ്ങൾ പറയുന്നു. 

Follow Us:
Download App:
  • android
  • ios