മുംബൈ: ജോലി സാധ്യതകള്‍ തിരക്കി മുംബൈ വിമാനത്താവളത്തിലേക്ക് വിളിച്ച വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോളില്‍ ഞെട്ടി വിമാനത്താവള ജീവനക്കാര്‍. ഹോട്ടല്‍ മാനേജ്മെന്‍റ് ഉദ്യോഗാര്‍ത്ഥി മുംബൈ എയര്‍പോര്‍ട്ടാണോയെന്ന് ചോദിച്ചത് ബോംബുണ്ടെന്ന് കേട്ടതായിരുന്നു ആശങ്കയുടെ കാരണം. ഫോണ്‍ കോളിന് പിന്നാലെ സുരക്ഷാ ജീവനക്കാര്‍ എയര്‍പോര്‍ട്ടിന്‍റെ മുക്കും മൂലയും വരെ ബോംബിനായി തിരച്ചിലും നടത്തി. 

കഴിഞ്ഞയാഴ്ചയാണ് സംഭവം. ജൂലൈ 19ന്  വൈകുന്നേരം ലഭിച്ച ഫോണ്‍ കോളിന് പിന്നാലെ മുംബൈ വിമാനത്താവളത്തില്‍ മിന്നല്‍പരിശോധനകള്‍ നടന്നിരുന്നു. ഫോണ്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതോടെയാണ് സംസാരത്തിനിടയില്‍ സംഭവിച്ച അമളി വിമാനത്താവള ജീവനക്കാര്‍ തിരിച്ചറിയുന്നത്. 

മുംബൈ വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഉദ്യോഗാര്‍ത്ഥിയുടെ ഫോണ്‍ വിളി എത്തുന്നത്. രണ്ടുമണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് അമളി പിണഞ്ഞത് തിരിച്ചറിയുന്നത്. അനാവശ്യ കാര്യത്തിന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പരിഭ്രാന്തി പരത്തിയതിന് ഉദ്യോഗാര്‍ത്ഥിയ്ക്ക് മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ അഞ്ചുമാസമായി ജോലി ഇല്ലാത്തതിനാല്‍ സാധ്യമായ എല്ലായിടത്തും ജോലി തിരയുകയായിരുന്നു. അതിനിടയ്ക്കാണ് വിമാനത്താവളത്തില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞറിയുന്നത്. ഇതിനെത്തുടര്‍ന്നാണ് വിമാനത്താവളത്തിലേക്ക് വിളിച്ചത്. ഗൂഗിളില്‍ നിന്ന് കിട്ടിയ നമ്പറില്‍ വിളിച്ചു. എന്നാല്‍ ആ നമ്പര്‍ കണ്‍ട്രോള്‍ റൂമിന്‍റേത് ആയിരുന്നെന്ന് അറിയില്ലായിരുന്നു. ആരെയും ഭയപ്പെടുത്താനുള്ള ഉദ്ദേശത്തോടെയായിരുന്നില്ല ഫോണ്‍ വിളിയെന്ന് യുവാവ് പിന്നീട് പ്രതികരിച്ചു.