മുംബൈ: എല്ലാവരെയും ഞെട്ടിച്ച് സത്യ പ്രതിജ്ഞ ചെയ്തെങ്കിലും മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിക്കുകയെന്ന വെല്ലുവിളി ബിജെപിയെയും അജിത് പവാറിനെയും കാത്തിരിക്കുന്നുണ്ട്. നിയമസഭതെരഞ്ഞെടുപ്പ് ഫലം പ്രകാരം 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ ബിജെപിക്ക് ഉള്ളത് 105 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം 145 സീറ്റുകളും എൻസിപിക്ക് 54 സീറ്റുകളാണ് ഉള്ളത്. സഖ്യവും സത്യപ്രതിജ്ഞയുമെല്ലാം അജിത് പവാറിന്‍റെ മാത്രം തീരുമാനവും നടപടിയുമെന്ന് സാക്ഷാൽ ശരത് പവാ‌ർ പ്രതികരിച്ച സ്ഥിതിക്ക് പിളർപ്പ് ഉറപ്പായിരിക്കുകയാണ്. എത്ര എംഎൽഎമാർ പവാറിനൊപ്പം നിൽക്കും എത്രപേർ മരുമകനൊപ്പം പോകും എന്നതാണ് ഇനി അറിയേണ്ടത്. 

20 സ്വതന്ത്രരുടെ പിന്തുണയുണ്ടന്ന് ബിജെപി അവകാശപ്പെടുന്നുണ്ട് അങ്ങനെ നോക്കുമ്പോൾ 20 അംഗങ്ങളെയെങ്കിലും കൂടെ നിർത്താൻ അജിത് പവാറിനായാൽ ഭൂരിപക്ഷം ഉറപ്പിക്കാം. ബിജെപി നേതാവ് ഗിരീഷ് മഹാജൻ അവകാശപ്പെടുന്നത് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം ശരിയാണെങ്കിൽ എൻസിപിയിലെ സിംഹഭാഗം എംഎൽഎമാരും അജിത് പവാറിനൊപ്പമാണ്. 30 എംഎൽമാരെങ്കിലും ഒപ്പമുണ്ടെന്ന് അജിത് പവാറിനോട് അടുത്ത കേന്ദ്രങ്ങളും അവകാശപ്പെടുന്നു. 

ശിവസേനയിൽ നിന്നും കോൺഗ്രസിൽ നിന്നും കൂടി എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. നേരത്തെ ത്രികക്ഷി സഖ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച 17 ശിവസേന എംഎൽഎമാർ ബിജെപിയോട് അടുപ്പമുള്ളവരാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നതാണ്. ഇവർ കൂടി മറു കണ്ടം ചാടിയാൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന് മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കാം. 

3 സീറ്റുള്ള ബഹുജൻ വികാസ് ആഖഡി, 2 സീറ്റ് വീതമുള്ള മജ്ലിസ് ഇ-ഇത്തിഹാദുൽ മുസ്ലമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവരുടെയും 13 സ്വതന്ത്രരുടെയും നിലപാട് നിർണ്ണായകമാണ്. ഒരു സീറ്റ് വീതം നേടിയ സിപിഎമ്മടക്കമുള്ള ഏഴ് പാർട്ടികളിൽ സിപിഎമ്മിനെ ഒഴിച്ച് നിർത്തിയാൽ ബാക്കിയാകുന്ന ആറ് പാർട്ടികളിൽ എത്ര പേർ ബിജെപിയെ പിന്തുണക്കും എന്നതും അറിയണം.