ചെന്നൈ: കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ 370ാം വകുപ്പിനെക്കുറിച്ച് മദ്രാസ് ബാര്‍ അസോസിയേഷന്‍ സംഘടിപ്പിക്കാനിരുന്ന സെമിനാറിന് അനുമതി റദ്ദാക്കിയതില്‍ പ്രതിഷേധവുമായി മുന്‍ ജഡ്ജി. പരിപാടി നടക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബാര്‍ അസോസിയേഷന്‍ അധികൃതര്‍ അനുമതി റദ്ദാക്കിയത്. ബിജെപി അനുകൂല സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 

അനുമതി നിഷേധിച്ചതിനെതിരെ മുന്‍ ജഡ്ജി ഡി ഹരിപരന്തമന്‍ രംഗത്തെത്തി. ചര്‍ച്ച നടത്തുന്നതില്‍ എന്താണ് തെറ്റ്. എന്തിനാണ് അനുമതി നിഷേധിച്ചത്. നടന്‍ രജനീകാന്തിന് മാത്രമാണോ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ കഴിയുക. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമാണ് അഭിപ്രായ പ്രകടനത്തിന് അനുവാദമുള്ളൂ എന്നതാണോ ഇതിനര്‍ഥമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രധാന ബാര്‍ അസോസിയേഷനായ മദ്രാസ് ബാര്‍ അസോസിയേഷനു പോലും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ അനുവാദമില്ലെങ്കില്‍ രാജ്യത്തിന്‍റെ പോക്ക് അപകടകരമാണെന്നാണ് അര്‍ഥം. അത് തമിഴ്നാട്ടില്‍ സംഭവിച്ചത് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മദ്രാസ് ബാര്‍ അസോസിയേഷന്‍റെ അക്കാദമിക് ലെക്ചറര്‍ സീരീസിന്‍റെ ഭാഗമായാണ് മുതിര്‍ന്ന അഭിഭാഷകന്‍ കെ എം വിജയന്‍റെ പ്രഭാഷണവും ചര്‍ച്ചയും ബുധനാഴ്ച സംഘടിപ്പിക്കാനിരുന്നത്. എന്നാല്‍, പരിപാടി തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ബാര്‍ അസോസിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. ബിജെപി നിയമ വിഭാഗത്തിന്‍റെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് പരിപാടി തടഞ്ഞതെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എആര്‍എല്‍ സുന്ദരേശന്‍ പറഞ്ഞു. 

നേരത്തെ കശ്മീരിന്‍റെ പ്രത്യേക അനുമതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും പോലെയാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു.