കൊൽക്കത്ത: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയതുപോലുള്ള നടപടികൾ ഇന്ത്യയിൽ എന്ന് പ്രതീക്ഷിക്കാമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിനോട് തൃണമൂൽ എംപി മെഹുവാ മൊയ്ത്ര. കാപ്പിറ്റോള്‍ മന്ദിരത്തിൽ അക്രമം നടത്തിയവരെ പിന്തുണച്ച് പോസ്റ്റിട്ടതിന് പിന്നാലെ ട്രംപിന്റെ അക്കൌണ്ടുകൾ മരവിപ്പിച്ച സംഭവത്തിലാണ് മെഹുവയുടെ ട്വീറ്റ്.

'അക്രമം പ്രോൽസാഹിപ്പിച്ചെന്ന് കണ്ടെത്തിയതോടെ ട്രംപിന്റെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും  വിലക്കി. ഇതേരീതിയിൽ ഇന്ത്യയിലെ വിദ്വേഷ/ വ്യാജവാർത്താ പ്രചാരകർക്കെതിരെ നടപടി എന്ന് പ്രതീക്ഷിക്കാൻ കഴിയും സക്കർബർഗ്?, അതോ താങ്കളുടെ ബിസിനസ് സാധ്യതകൾക്ക് ആയിരിക്കുമോ മുൻഗണന’- എന്നായിരുന്നു മെഹുവയുടെ ട്വീറ്റ്.

വ്യാഴാഴ്ചയാണ് യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ച് കയറിയത്. ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള കോണ്‍ഗ്രസ് യോഗം നടക്കുന്നതിനിടക്കാണ് സംഭവമുണ്ടായത്. അമേരിക്കയിലെ പ്രസിഡന്‍റ് കസേര ജോ ബൈഡന് കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു നാല് പേരുടെ മരണത്തിലേക്ക് നയിച്ച അക്രമസംഭവങ്ങളിലേക്ക് വഴിവെച്ചത്.

ട്രംപി‌ന്റെ പ്രസിഡന്റ് പദവി അവസാനിക്കുന്നതു വരെയായാണ് ഫേസ്ബുക്ക് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് അനിശ്ചിതമായി തുടർന്നേക്കാമെന്ന് സുക്കർബർഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ട്രംപിന് ട്വിറ്ററും താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.  ഗുരുതരമായ നയ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.