Asianet News MalayalamAsianet News Malayalam

ബാലാകോട്ടിൽ എത്ര പേർ മരിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യോമസേനാ മേധാവി

ആക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് പറയാനാകില്ല. അത്തരത്തിൽ കണക്കെടുക്കാൻ വ്യോമസേനയ്ക്ക് കഴിയില്ലെന്നും ബി എസ് ധനോവ.

can' tell how many terrorists are eliminated in balakot says air force
Author
New Delhi, First Published Mar 4, 2019, 1:06 PM IST

ദില്ലി: ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണം വിജയമെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ. വ്യോമസേനയ്ക്ക് ലക്ഷ്യം ഭേദിക്കാനായി. ആക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് പറയാനാകില്ല. അത്തരത്തിൽ കണക്കെടുക്കാൻ വ്യോമസേനയ്ക്ക് കഴിയില്ലെന്നും ബി എസ് ധനോവ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ബാലാകോട്ട് പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് രാഷ്ട്രീയവിവാദങ്ങൾ ഉയരുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ വാർത്താ സമ്മേളനം. 

'എത്ര പേർ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും.' ബി എസ് ധനോവ പറഞ്ഞു.

അതേസമയം, മിഗ് വിമാനങ്ങളുടെ കഴിവിനെക്കുറിച്ചും വ്യോമസേനാ മേധാവി നിലപാട് വ്യക്തമാക്കി. ''ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു ഓപ്പറേഷനിൽ കൃത്യമായി യുദ്ധവിമാനങ്ങൾ തന്നെ ഉപയോഗിക്കാം. പക്ഷേ, ശത്രു അതിർത്തിയിൽ ആക്രമണം നടത്തുമ്പോൾ നമുക്ക് ലഭ്യമായ എല്ലാ വിമാനങ്ങളും നമ്മൾ ഉപയോഗിക്കും. ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ശത്രുക്കളെ നേരിടാൻ ശേഷിയുള്ളതാണ്.'', ബി എസ് ധനോവ വ്യക്തമാക്കി.

മരിച്ച ഭീകരരുടെ എണ്ണത്തെച്ചൊല്ലി രാഷ്ട്രീയവിവാദം

ബാലാകോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത്. 

നേരത്തേ, ബാലാകോട്ട് ആക്രമണത്തെയും പുൽവാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകർക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം. കേന്ദ്രമന്ത്രി എസ് എച്ച് അലുവാലിയയാകട്ടെ മാധ്യമപ്രവർത്തകരോട് ചോദിച്ചത് ബാലാകോട്ടിൽ 300 തീവ്രവാദികൾ മരിച്ചെന്ന് നരേന്ദ്രമോദി നിങ്ങളോട് പറഞ്ഞോ, എന്നാണ്. ഭീകരതയ്ക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു ഉദ്ദേശമെന്നും യഥാർഥത്തിൽ മരണം എത്രയെന്ന് അന്വേഷിക്കുകയാണെന്നുമാണ് അലുവാലിയ പറഞ്ഞത്.

അഹമ്മദാബാദിൽ നടന്ന 'ലക്ഷ്യ ജീതോ' എന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയെന്ന് അമിത് ഷാ പറഞ്ഞത്. ''ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ കയറി മിന്നലാക്രമണം നടത്തി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ എന്താണുണ്ടായത്? പാകിസ്ഥാനിൽ കയറി ഇന്ത്യൻ വ്യോമസേന ബാലാകോട്ടിൽ 250 ഭീകരരെ വധിച്ചു. ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചു വരികയും ചെയ്തു'', അമിത് ഷാ പറഞ്ഞു.

അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സായുധ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ മറുപടി നൽകിയ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അമിത് ഷാ പറയുന്നു. ''നേരത്തെ നമ്മുടെ ജവാൻമാരുടെ തലയറുത്തിരുന്നു പാകിസ്ഥാൻ. ഇപ്പോൾ നമ്മുടെ അതിർത്തി കടന്ന് വന്ന പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് അധീന കശ്മീരിൽ പെട്ടുപോയ നമ്മുടെ ജവാനെ 30 മണിക്കൂറുകൾക്കുള്ളിൽ തിരിച്ചു കിട്ടി.'' എന്ന് അമിത് ഷാ. 

ഇതിനെതിരെ കോൺഗ്രസുൾപ്പടെയുള്ള പാർട്ടികൾ രംഗത്തു വന്നു കഴിഞ്ഞു. എയർ വൈസ് മാർഷൽ ആർജികെ കപൂർ തന്നെ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പറയാനാകില്ലെന്ന് പറയുമ്പോൾ അമിത് ഷായ്ക്ക് മാത്രം ഈ കണക്ക് എവിടെ നിന്ന് കിട്ടിയെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചോദിക്കുന്നു.

റോയിറ്റേഴ്‍സുൾപ്പടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങൾ പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് അവകാശപ്പെടുന്നുവെന്നും ഇതിന്‍റെ സത്യാവസ്ഥ സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബലും പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios