ബംഗളൂരു: രാജ്യത്ത് ആദ്യമായി കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സാ രീതികളുമായി ബംഗളൂരുവില്‍ ക്ലിനിക്ക് ആരംഭിച്ചു. ഒരാഴ്ച പിന്നിട്ട ക്ലിനിക്കില്‍ കഞ്ചാവ് ഉപയോഗിച്ച് നിര്‍മ്മിച്ച മരുന്നുകളാണ് (മെഡിക്കല്‍ കന്നാബിസ്) വില്‍ക്കുന്നത്. നിലവില്‍ നിരവധി പേര്‍ ക്ലിനിക്കില്‍ ചികിത്സ തേടിയതായും അവര്‍ക്ക് ഗുണഫലങ്ങള്‍ ലഭിച്ച് തുടങ്ങിയതായും ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി ഒന്നിനാണ് ബംഗളൂരു കൊറമംഗലയില്‍ വേദി വെല്‍നസ് സെന്‍റര്‍ എന്ന പേരില്‍ ക്ലിനിക്ക് ആരംഭിച്ചത്. ഇതിനകം നൂറ് പേര്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെടുകയും 25 പേര്‍ നേരിട്ട് ക്ലിനിക്കില്‍ എത്തുകയും ചെയ്തു. കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകള്‍ക്ക് പുറമെ ആയുര്‍വേദ മരുന്നുകളും ഇവിടെ നല്‍കുന്നുണ്ട്.

എങ്കിലും കൂടുതല്‍ ആളുകള്‍ക്കും അറിയേണ്ടത് കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സാ രീതികളേക്കുറിച്ചാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കാവുന്ന ഏഴു തരം മരുന്നുകളാണ് ഉള്ളത്. ഓണ്‍ലൈനായും  ക്ലിനിക്കിലും ഈ മരുന്നുകള്‍ ലഭിക്കും. ചികിത്സയ്ക്കെത്തുന്ന ഏറിയ പങ്കാളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകളെ കുറിച്ച് അറിവുണ്ടെന്നും അതിനായി അന്വേഷണം നടത്തുകയായിരുന്നുവെന്നും ക്ലിനിക്ക് പ്രതിനിധി പറഞ്ഞു.

അലോപ്പതിയും ഹോമിയോപതിയും പരീക്ഷിച്ചിട്ടും ഗുണം ലഭിക്കാത്തവരും പാര്‍ശ്വഫലങ്ങളെ കുറിച്ച് ഭയമുള്ളവരുമാണ് കൂടുതല്‍ എത്തുന്നതെന്ന് ക്ലിനിക്കിലെ ഡോക്ടര്‍ സയ്യിദ് താഹിര്‍ ഹസന്‍ പറഞ്ഞു.