ദില്ലി: മദ്യശാലകളിലെ തിരക്ക് നിയന്ത്രിച്ച് പൊലീസുകാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ. മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പൊലീസുകാരെ തിരക്ക് നിയന്ത്രിക്കാന്‍ അയക്കാന്‍ താന്‍ തയ്യാറായിരുന്നില്ല. 20ശതമാനം കടകളാണ് ആദ്യം തുറന്നത്. എല്ലാ മദ്യശാലകളും അടയ്ക്കണമെന്ന് ബുധനാഴ്ചയാണ് നിര്‍ദേശം നല്‍കിയത്. അനിയന്ത്രിതമായ തിരക്കാണ് മദ്യശാലകള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചതിന് കാരണം. 

മദ്യശാലകള്‍ക്ക് മുന്‍പില്‍ ഫുട്ബോള്‍ മത്സരമൊന്നുമല്ലല്ലോ നടക്കുന്നത്. പിന്നെന്തിനാണ് പൊലീസുകാര്‍ മദ്യശാലയ്ക്ക് മുന്നിലെത്തുന്ന ആളുകളെ നിയന്ത്രിക്കുന്നത്. ഓണ്‍ലൈന്‍ ടോക്കന്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നും എസ് എന്‍ ശ്രീവാസ്തവ പറയുന്നു. എല്ലാ പൊലീസുകാരും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എല്ലാ സ്റ്റേഷനുകളും പൊലീസ് കോളനികളും ശുചീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഐസിയു ശുചിയാക്കുന്നത് പോലെ പൊലീസ് സ്റ്റേഷന്‍ ശുചീകരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എല്ലാ സ്റ്റേഷനുകളിലും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി നടപടികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും എസ്എന്‍ ശ്രീവാസ്തവ എക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കുന്നു. 

പൊലീസുകാര്‍ക്ക് ഗ്ലൌസുകളും മാസ്കുകളും വിതരണം ചെയ്തിട്ടുണ്ട്. കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് പിപിഇ കിറ്റുകളും നല്‍കുന്നുണ്ട്. വെള്ളം, സാനിറ്റൈസര്‍, വിശ്രമിക്കാനുള്ള സൌകര്യം എന്നീ സംവിധാനമുള്ള ടെന്‍റുകള്‍ പൊലീസ് പിക്കറ്റുകള്‍ക്ക് അടുത്ത് ഏര്‍പ്പെടുത്തുന്നുണ്ടെന്നും എസ് എന്‍ ശ്രീവാസ്തവ പറയുന്നു. പ്രതിരോധ ശേഷി വര്‍ധിക്കാനുള്ള ബൂസ്റ്റര്‍ കിറ്റുകളും നല്‍കുന്നുണ്ട്. സ്പെഷ്യല്‍ കമ്മീഷണര്‍ റാങ്കുള്ള ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മാത്രമല്ല അവരുടെ കുടുംബങ്ങളുടേയും സേവനം ഉറപ്പാക്കുന്നുണ്ട്. ഷാലിമാര്‍ ബാഗില്‍ പൊലീസുകാര്‍ക്കായി പരിശോധനാ കേന്ദ്രമൊരുക്കിയിട്ടുണ്ടെന്നും ദില്ലി പൊലീസ് എസ് എന്‍ ശ്രീവാസ്തവ എക്കണോമിക്സ് ടൈംസിനോട് വ്യക്തമാക്കി.