Asianet News MalayalamAsianet News Malayalam

നിത്യാനന്ദ ആത്മീയ യാത്രയില്‍, കോടതി നോട്ടീസ് നല്‍കാനായില്ലെന്ന് പൊലീസ് കര്‍ണാടക ഹൈക്കോടതിയില്‍

ജാമ്യം റദ്ദാക്കിയ വിവരം നിത്യാനന്ദയെ നേരിട്ട് അറിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ബല്‍രാജ് ബി കോടതിയില്‍ പറഞ്ഞു. ബിഡാഡി ആശ്രമത്തില്‍ നിത്യാനന്ദയില്ലായെന്നും ആത്മീയ യാത്രയിലാണെന്നും പൊലീസ് 

cant serve him notice as Nithyananda on spiritual tour says Karnataka police in high court
Author
Bengaluru, First Published Feb 4, 2020, 8:44 AM IST

ബെഗലുരു: ആത്മീയ യാത്രയില്‍ ആയതിനാല്‍ കോടതിയില്‍ നിന്നുള്ള നോട്ടീസ് വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്ക് നല്‍കാനായിട്ടില്ലെന്ന് പൊലീസ്. കര്‍ണാടക ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 2018 നവംബര്‍ മുതല്‍ നിത്യാനന്ദ ഒളിവിലാണെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയം നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇന്‍റര്‍പോള്‍ നിത്യാനന്ദയ്ക്കെതിരായ ബ്ലൂകോര്‍ണര്‍ നോട്ടീസും പുറത്തിറക്കിയിരുന്നു. എന്നാല്‍ നിത്യാനന്ദ ആത്മീയ യാത്രയിലാണെന്നാണ് കര്‍ണാടക പൊലീസിന്‍റെ വാദം. 

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കിയ നോട്ടീസ് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ലെന്നാണ് കര്‍ണാടക പൊലീസ് കോടതിയെ അറിയിച്ചത്. ജാമ്യം റദ്ദാക്കിയ വിവരം നിത്യാനന്ദയെ നേരിട്ട് അറിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ബല്‍രാജ് ബി കോടതിയില്‍ പറഞ്ഞു. ബിഡാഡി ആശ്രമത്തില്‍ നിത്യാനന്ദയില്ലായെന്നും ആത്മീയ യാത്രയിലാണെന്നും പൊലീസ് അറിയിച്ചു. അനുയായിയായ കുമാരി അര്‍ച്ചനാനന്ദക്ക് നോട്ടീസ്  നല്‍കിയിട്ടുണ്ടെന്നും പൊലീസ് വിശദമാക്കി. എന്നാല്‍ പൊലീസ് ഭീഷണിപ്പെടുത്തിയാണ് നോട്ടീസ് നല്‍കിയതെന്ന് കുമാരി അര്‍ച്ചനാനന്ദ കോടതിയ അറിയിച്ചു. അതേസമയം കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിത്യാനന്ദയുടെ സാന്നിധ്യം ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. 

ബലാത്സംഗം, വഞ്ചന, ദുഷ് പ്രേരണ, തെളിവ് നശിപ്പിക്കല്‍, വ്യാജ രേഖ ചമക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് നിത്യാനന്ദയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നിത്യാനന്ദയുടെ ആശ്രമത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസിലാണ് ഗുജറാത്ത്, കര്‍ണാടക പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഗുജറാത്തില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തന്‍റെ ആശ്രമത്തില്‍ പാര്‍പ്പിച്ചിരുന്നതായും നിത്യാനന്ദക്കെതിരെ കേസുണ്ട്. അറസ്റ്റിന്‍റെ വക്കിലെത്തിയപ്പോള്‍ നിത്യാനന്ദയും സഹായിയും രാജ്യം വിടുകയായിരുന്നു. 2010ല്‍ ബലാത്സംഗ കേസില്‍ ഹിമാചല്‍പ്രദേശ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം നിത്യാനന്ദ തങ്ങളുടെ രാജ്യത്തുണ്ടെന്ന വാര്‍ത്ത ഇക്വഡോര്‍ നിഷേധിച്ചിരുന്നു. പൊലീസ് അന്വേഷണം നേരിടുന്ന നിത്യാനന്ദയ്ക്ക് ഇക്വഡോര്‍ രാഷ്ട്രീയ അഭയം നല്‍കിയിട്ടില്ലെന്നും ഇക്വഡോര്‍ സര്‍ക്കാര്‍ പുതിയൊരു ദ്വീപ് വാങ്ങാന്‍ നിത്യാനന്ദയെ സഹായിച്ചെന്ന വാര്‍ത്ത അവാസ്തവമാണെന്നും ദില്ലിയിലെ ഇക്വഡോര്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios