ദില്ലി: കൊവിഡ് 19 ഭീതിയിലാണ് ലോകരാജ്യങ്ങൾ. ജോലിക്കും വിദ്യാഭ്യാസത്തിനുമായി മറ്റ് രാജ്യങ്ങളില്‍പോയവര്‍ പലരും സ്വന്തം നാടുകളിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരെ ഇന്ത്യയിലെത്തിക്കാൻ നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ വാർത്തകളിൽ ഇടം നേടുകയാണ് സ്വാതി റാവല്‍ എന്ന പൈലറ്റ്. 

ഇറ്റലിയിൽ കുടുങ്ങിയ 263 പേരെ ഇന്ത്യയിലേക്കെത്തിക്കാനായി ബോയിങ് 777 വിമാനം പറപ്പിച്ചാണ് സ്വാതി ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. കൊറോണ ബാധിത രാജ്യത്തേക്ക് ആശങ്കയില്ലാതെ വിമാനം പറപ്പിച്ച സ്വാതി സമൂഹമാധ്യമങ്ങളിലും താരമാകുകയാണ്. സ്വാതി തൊഴിലിനോട് കാണിച്ച ആത്മാര്‍പ്പണത്തെ കാണാതിരിക്കാന്‍ കഴിയില്ലെന്നാണ് സൈബർ ലോകം പറയുന്നത്. 

റോമില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലെത്തിക്കാന്‍ പരിശ്രമിച്ച സ്വാതിയടങ്ങുന്ന ക്രൂവിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രേമാദിയും ട്വിറ്ററില്‍ കുറിച്ചു. ഇതാദ്യമായല്ല സ്വാതി വാർത്തകളിൽ ഇടംനേടുന്നത്.  2010ല്‍ മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് വനിതാ ക്രൂ പറപ്പിച്ച എയര്‍ഇന്ത്യാ വിമാനത്തിലും സ്വാതി ഉണ്ടായിരുന്നു.