ഷോറൂമിന് മുന്നിലെ കൈവരിയും തകർത്ത് തിരക്കേറിയ ദേശീയപാതയിലേക്ക് നീങ്ങിയ കാർ ഇരുചക്രവാഹനത്തിലും പിന്നാലെ ഡിവൈഡറിലും ഇടിച്ചാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശിവമോഗ: ഡെലിവറി കഴിഞ്ഞ് ഷോറൂമിൽനിന്ന് പുറത്തിറക്കിയ കാർ നിയന്ത്രണംവിട്ട് റോഡിലേക്കിറങ്ങി ഇരുചക്രവാഹനത്തിലിടിച്ചു. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ സാഗറിലെ കാർ ഷോറൂമിന് മുന്നിലായിരുന്നു സംഭവം.
ഒരു കുടുംബം പുതുതായി വാങ്ങിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഡെലിവറി ചടങ്ങുകൾ കഴിഞ്ഞ് ഷോറൂമിൽനിന്ന് കാർ പുറത്തിറക്കുന്നതിനിടെ നിയന്ത്രണംവിട്ട് കുതിക്കുകയായിരുന്നു. തുടർന്ന് ഷോറൂമിന് മുന്നിലെ കൈവരിയും തകർത്ത് തിരക്കേറിയ ദേശീയപാതയിലേക്ക് നീങ്ങിയ കാർ ഇരുചക്രവാഹനത്തിലും പിന്നാലെ ഡിവൈഡറിലും ഇടിച്ചാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഡ്രൈവർ അബദ്ധത്തിൽ ആക്സിലറേറ്റർ ചവിട്ടിയതാണ് കാർ നിയന്ത്രണംവിടാൻ കാരണമായതെന്നാണ് കരുതുന്നത്. സാഗറിലെ ഗവ. കോളേജിന് സമീപത്തെ കാർ ഷോറൂമിന് മുന്നിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുചക്രവാഹനം പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


