ഹൈദരാബാദ്: മുത്തലാഖ് ചൊല്ലിയെന്ന ഭാ​ര്യയുടെ പരാതിയിൽ ഭർത്താവിനെ കേസെടുത്ത് പൊലീസ്. ഹൈദരാബാദിലെ മല്ലേപ്പള്ളിയിലാണ് സംഭവം. അബ്ദുൾ സമീ എന്നയാൾക്കെതിരെയാണ് ബന്ധപ്പട്ട വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.

2017 സെപ്റ്റംബറിലാണ് ലാബ് ടെക്കിനീഷ്യൻ ആയ അബ്ദുൾ സമീയും പരാതിക്കാരിയും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭർത്താവും കുടുംബവും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
 
അധികമായി സ്ത്രീധനം, എല്ലാ മാസവും സ്വർണം എന്നിവയ്ക്കായി അമ്മായിയമ്മ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഇത് സഹിക്കാനാകാതെ ഇവർ സ്വന്തം വീട്ടിലേക്ക് പോയി. 2018 ജൂണിൽ ഒരു ആൺകുട്ടിക്ക് ഇവർ ജന്മം നൽകി. ഇതിനിടെ ഭർത്താവും അമ്മായിയും തന്റെ സ്വർണം മോഷ്ടിച്ചുവെന്നും ഇതേപറ്റി ചോദിച്ചപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 

അയൽക്കാരുമായി സംസാരിക്കാതിരിക്കാൻ ഭർത്താവ് മൂന്നുമാസം വീട്ടിൽ പൂട്ടിയിട്ടുവെന്നും ഫോൺ വാങ്ങിവച്ചുവെന്നും പരാതിക്കാരി പറഞ്ഞതായി പൊലീസ് അറിയിച്ചു. വിവാഹമോചനത്തിനായി കുടുംബാംഗങ്ങൾ തന്നെ പീഡിപ്പിക്കാറുണ്ടെന്നും പലതവണ ഭർത്താവ് തലഖ് എന്ന പദം ഉപയോഗിക്കുകയും മാനസികമായി പീഡിപ്പിച്ചതായും ഇവർ കൂട്ടിച്ചേർത്തു. തുടർന്ന് മാർച്ച് 25ന് സമീ മുത്തലാഖ് ചൊല്ലുകയും പരാതിക്കാരിയെ സ്വന്തം വീട്ടിലേക്ക് അയക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസെടുത്തുവെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.