ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത കൊവിഡ് ബാധിതനായ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു. കൊവിഡ് ബാധിതയായ മകൾ ലണ്ടനിൽ നിന്നെത്തിയ വിവരം മറച്ചു വച്ച് പത്രസമ്മേളനത്തിൽ പങ്കെടുത്തതിനാണ് കേസ്. കഴിഞ്ഞ മാർച്ച് 20 തിന് നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ചാണ് കമൽ നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപനം നടത്തിയത്.

പ്രഖ്യാപനവേളയിൽ മാധ്യമപ്രവർത്തകനും സന്നിഹിതനായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം മാർച്ച് 22 ന്  യുകെയിൽ നിന്നെത്തിയ മകൾക്കും പിന്നാലെ  മാധ്യമപ്രവർത്തകനും രോഗം സ്ഥിരീകരിക്കപ്പെട്ടു. വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത നൂറോളം മാധ്യമ പ്രവർത്തകരും കമൽനാഥും ഇപ്പോൾ നിരീക്ഷണത്തിലാണ്.

മധ്യപ്രദേശിൽ ഇതുവരെ 33 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. 873 പേർക്ക് രോഗം സ്ഥിരീകരിച്ചു.  കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 79 പേർക്ക് ഇതുവരെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 149 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.