പിഡിപി പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ചെന്ന പരാതിയിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്കെതിരെ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കടിച്ചു പരിക്കേൽപ്പിച്ചതിനുമാണ് കേസ്.

ശ്രീനഗർ: ശ്രീനഗറിൽ നടന്ന പിഡിപി പ്രതിഷേധത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്കെതിരെ കേസ്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കടിച്ചു പരിക്കേൽപ്പിച്ചതിനുമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി ശനിയാഴ്ച കോത്തിബാഗ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇൽതിജ മുഫ്തിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പ്രതിഷേധത്തിനിടെ ഐപിഎസ് ഉദ്യോഗസ്ഥൻ ആക്രമിച്ചുവെന്ന് ഇൽതിജ മുഫ്തി നേരത്തെ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന മെഴുകുതിരി തെളിയിച്ചുള്ള പ്രതിഷേധത്തിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും പങ്കെടുത്തിരുന്നു. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ ആണ് ഇൽതിജ മുഫ്തിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ വാക്കേറ്റം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥൻ ഇൽതിജയെ അടിച്ചതായും ഇതേ തുടർന്ന് ഇൽതിജ തിരിച്ചടിച്ചതായും പ്രതിഷേധത്തിൽ പങ്കെടുത്ത പിഡിപി നേതാവ് പറഞ്ഞു. ഇതിൻ്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇൽതിജ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികത്തോട് അനുബന്ധിച്ചു ബിജെപി ആഘോഷ പ്രകടനം നടത്തിയപ്പോൾ പ്രതിപക്ഷം കരിദിനം ആചരിച്ചു. പ്രകടനം സംഘടിപ്പിക്കാൻ ബിജെപിക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്തുനിന്ന് പ്രതിഷേധ പ്രകടനം നടത്താൻ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിനും അനുമതി ലഭിച്ചില്ല. തങ്ങൾ വീട്ടുതടങ്കലിലാണെന്ന ആരോപണവുമായി ചില എംഎൽഎമാരും രംഗത്തെത്തി. ജമ്മു കശ്മീരിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ അവകാശങ്ങളും നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം ദില്ലിയിൽ പാർലമെൻ്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.