Asianet News MalayalamAsianet News Malayalam

എന്തുവന്നാലും സോണിയക്കെതിരെയുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബിജെപി

സോണിയക്കെതിരെയുള്ള എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിജെപി വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്

case against Sonia Gandhi should not be withdrawn at any cost says bjp karnataka chief
Author
Bengaluru, First Published May 22, 2020, 10:16 PM IST

ബംഗളൂരു: എന്തു സാഹചര്യം വന്നാലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയുള്ള കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി. സോണിയക്കെതിരെ പരാതി നല്‍കിയ അഭിഭാഷകനെയും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെയും ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കട്ടീല്‍ പ്രശംസിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ എത്ര നോക്കിയാലും ഈ വിഷയത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയക്കെതിരെയുള്ള എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിജെപി വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിന്‍റെ പേരിലാണ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള സാഗര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് സോണിയെക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെ വി പ്രവീണ്‍ എന്ന അഭിഭാഷകനാണ് സോണിയക്കെതിരെ പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ കുറിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു പരാതി.

മെയ് 11നാണ് പരാതിക്ക് ആസ്പദമായ ട്വീറ്റ് കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്നത്. പിഎം കെയേഴ്സ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്. ഈ ആരോപണം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാന്‍ കാരണമായെന്നും പരാതിയില്‍ പറയുന്നു. കുടിയേറ്റ തൊഴിലാളികൾക്കുള്ള ബസിന്‍റെ പേരിലെ തർക്കത്തിനു ശേഷം കോൺഗ്രസ് ബിജെപി ഏറ്റുമുട്ടൽ ഈ വിഷയത്തോടെ വീണ്ടും രൂക്ഷമായിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios