ആംബുലൻസ് സമയത്തിന് എത്താത്തതിനെത്തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു
ഭോപ്പാൽ: ആംബുലൻസ് സമയത്തിന് എത്താത്തതിനെത്തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. നാല് കുഞ്ഞുങ്ങളെയാണ് യുവതി പ്രസവിച്ചത്. എന്നാല്‍ പിന്നാലെ നാലുകുഞ്ഞുങ്ങൾക്കും ജീവൻ നഷ്ടമായി. മധ്യപ്രദേശിലെ മണ്ട്‌ല ജില്ലയിലാണ് സങ്കടകരമായ ഈ സംഭവം നടന്നത്. നൈഗാവ് ഗ്രാമവാസിയായ രജനി സിന്ദ്രാം (28) എന്ന യുവതിയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. പ്രസവിച്ച നാല് കുഞ്ഞുങ്ങളും മരണപ്പെട്ടെങ്കിലും അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൊവ്വാഴ്ചയാണ് ഏഴുമാസം ഗർഭിണി ആയിരുന്ന രജനിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കുടുംബം ആംബുലൻസ് വിളിച്ചെങ്കിലും വാഹനം സമയത്തിന് എത്തിയില്ല. രജനിയുടെ അവസ്ഥ വഷളായതോടെ, ഒരു ആശാ വർക്കറുടെ സഹായത്തോടെ ബന്ധുക്കൾ യുവതിയെ ഓട്ടോറിക്ഷയിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ സൗകര്യങ്ങളുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ വഴി മധ്യേ ഓട്ടോറിക്ഷയിൽ വെച്ച് രജനി നാലുകുഞ്ഞുങ്ങൾക്കും ജന്മം നൽകുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് ഡോക്ടർമാർ പരിശോധിച്ചപ്പോഴേക്കും നാല് കുട്ടികളും മരിച്ചിരുന്നു. യുവതി 30 ആഴ്ച മാത്രം ഗർഭിണിയായിരുന്നതിനാൽ കുഞ്ഞുങ്ങൾക്ക് പൂർണ വളർച്ചയുണ്ടായിരുന്നില്ല എന്ന് ഡോക്ടർ പറഞ്ഞു. ആംബുലൻസ് സമയത്തിന് ലഭ്യമാകാത്തതാണ് ഈ ദുരന്തത്തിന് കാരണമെന്ന് രജനിയുടെ ഭർത്താവ് ആരോപിച്ചു.



