Asianet News MalayalamAsianet News Malayalam

ഹിന്ദു സന്യാസിമാർക്കെതിരായ ട്വീറ്റ്: കേസ് റദ്ദാക്കണം, മുഹമ്മദ് സുബൈറിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുബൈറിന്‍റെ ഹർജി. മതവികാരം വൃണപ്പെടുത്തുന്ന ട്വീറ്റുകൾ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ജൂൺ 27നാണ് സുബൈറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

case should be quashed Alt News co-founder Zubair moves SC
Author
First Published Jul 8, 2022, 1:21 AM IST

ദില്ലി: ഹിന്ദു സന്യാസിമാർക്കെതിരായ ട്വീറ്റിന്‍റെ പേരില്‍ യുപി പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൾട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈർ നല്‍കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുക. നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനെതിരെയാണ് സുബൈറിന്‍റെ ഹർജി. മതവികാരം വൃണപ്പെടുത്തുന്ന ട്വീറ്റുകൾ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ജൂൺ 27നാണ് സുബൈറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുബൈർ സമർപ്പിച്ച ജാമ്യപേക്ഷ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. 1983 ലെ  കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.

മാധ്യമപ്രവ‍ര്‍ത്തകൻ സുബൈറിന്‍റെ അറസ്റ്റിലേക്ക് നയിച്ച 'ഹനുമാന്‍ ഭക്ത്' ട്വിറ്റര്‍ അക്കൌണ്ട് ഡീആക്ടിവേറ്റായി

ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ  അടിസ്ഥാനത്തിലാണ്  നടപടിയുണ്ടായത്. 2021ൽ തുടങ്ങിയ ട്വിറ്റർ ഹാൻഡിലാണ് 2018 ലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്.  ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു എന്നും വ്യക്തമായി. സബ് ഇന്‍സ്പെക്ടർ അരുണ്‍ കുമാർ ആണ്  പരാതിക്കാരനെന്ന് എഫ്ഐആർ പറയുന്നു.

2020 ല്‍ കോടതി സംരക്ഷണം ലഭിച്ച ഒരു കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത ഇന്‍റലിജന്‍സ് ഫ്യൂഷന്‍ ആന്‍റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് ആണ് സുബൈറിനെതിരെയും നടപടിയെടുത്തത്.

Follow Us:
Download App:
  • android
  • ios