ലോകപ്രശസ്തമായ തിരുപ്പതി ലഡ്ഡു 'ശുദ്ധമല്ലാത്ത' നെയ്യ്, അതായത് മൃഗക്കൊഴുപ്പ് ചേർത്ത നെയ്യ് കൊണ്ടാണ് നിർമ്മിച്ചതെന്ന ആരോപണത്തെത്തുടർന്ന് കഴിഞ്ഞ വർഷം വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.

ദില്ലി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും ഭക്തർക്കും വിതരണം ചെയ്യുന്ന പ്രധാന വഴിപാട് നേദ്യമായ ശ്രീവരി ലഡു നിർമ്മിക്കുന്നതിനായി ദേവസ്ഥാനത്തിന് വിതരണം ചെയ്ത മായം ചേർത്ത നെയ്യുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ പണമിടപാട് നടന്നതായി അന്വേഷണ സംഘത്തിന്റെ ആരോപണം. ആന്ധ്രാപ്രദേശിലെ മുൻ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ലോക്‌സഭാ എംപിയും മുൻ ടിടിഡി ചെയർമാനുമായ വൈ വി സുബ്ബ റെഡ്ഡിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കെ ചിന്നപ്പണ്ണ, ഉത്തർപ്രദേശ് ആസ്ഥാനമായുള്ള പ്രീമിയർ അഗ്രി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരിൽ നിന്ന് 50 ലക്ഷം രൂപ സ്വീകരിച്ചതായാണ് കണ്ടെത്തൽ. ചിന്നപ്പണ്ണ ഡൽഹി ആസ്ഥാനമായുള്ള ഏജന്റായ അമൻ ഗുപ്തയിൽ നിന്ന് 20 ലക്ഷം രൂപയും, ബാക്കി തുക പ്രീമിയർ അഗ്രി ഫുഡ്‌സിന്റെ സീനിയർ എക്‌സിക്യൂട്ടീവ് വിജയ് ഗുപ്തയിൽ നിന്ന് കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്നു.

ഡൽഹിയിലെ പട്ടേൽ നഗർ മെട്രോ സ്റ്റേഷന് സമീപമാണ് രണ്ട് ഇടപാടുകളും നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ലോകപ്രശസ്തമായ തിരുപ്പതി ലഡ്ഡു 'ശുദ്ധമല്ലാത്ത' നെയ്യ്, അതായത് മൃഗക്കൊഴുപ്പ് ചേർത്ത നെയ്യ് കൊണ്ടാണ് നിർമ്മിച്ചതെന്ന ആരോപണത്തെത്തുടർന്ന് കഴിഞ്ഞ വർഷം വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.

വിഷയം സുപ്രീം കോടതിയിലെത്തുകയും ചെയ്തു. വിഷയത്തിൽ രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുതെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നിരുന്നാലും, സിബിഐ, സംസ്ഥാന പോലീസ് സേന, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. നെയ്യ് വിതരണം ചെയ്യുന്ന നാല് ഡെയറികൾ ടെൻഡറുകൾ നേടുന്നതിനായി രേഖകളിലും വിലകളിലും കൃത്രിമം കാണിച്ച നിരവധി സംഭവങ്ങൾ അന്വേഷണ റിപ്പോർട്ടിൽ വിശദീകരിച്ചു. 240.8 കോടി രൂപ വിലമതിക്കുന്ന 60.37 ലക്ഷം കിലോഗ്രാം മായം ചേർത്ത നെയ്യ്, ടിടിഡിയിൽ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രത്യേകിച്ച്, ഭോലെ ബാബ ഓര്‍ഗാനിക് ഡയറി മില്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം റൂര്‍ക്കെയിലെ പ്ലാന്റില്‍ പാം ഓയിലും രാസവസ്തുക്കളും ചേര്‍ത്ത് മായം ചേര്‍ത്ത നെയ്യ് ഉണ്ടാക്കിയതായും അന്വേഷണ സംഘം ആരോപിക്കുന്നു. ഇതില്‍ ചിലത് മൂന്ന് സ്ഥാപനങ്ങള്‍ വഴി ക്ഷേത്രത്തിലേക്ക് എത്തിച്ചു. ശ്രീ വൈഷ്ണവി ഡയറി സ്‌പെഷ്യാലിറ്റീസ് 133.12 കോടി രൂപയുടെ മായം ചേര്‍ത്ത നെയ്യ് വിതരണം ചെയ്തുവെന്നും മാല്‍ഗംഗ മില്‍ക്ക് & അഗ്രോ പ്രോഡക്‌ട്‌സ് 73.18 കോടി രൂപയുടെയും എആര്‍ ഡയറി ഫുഡ്‌സ് 1.61 കോടി രൂപയുടെയും നെയ് വിതരണം ചെയ്തുവെന്നും പറയുന്നു. 

ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.സി.ആർ.പി അധികാരത്തിലിരുന്നപ്പോൾ, ലഡ്ഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ച് മായം ചേർത്ത നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു പരസ്യമായി ആരോപിച്ചിരുന്നു.

തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലെ വിതരണക്കാരനിൽ നിന്ന് വാങ്ങിയ നെയ്യിന്റെ സാമ്പിളുകളിൽ മത്സ്യ എണ്ണ, ബീഫ് ടാലോ, മൃഗക്കൊഴുപ്പ് ആയ പന്നിക്കൊഴുപ്പ് എന്നിവയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് ഗുജറാത്ത് ലാബിൽ നിന്ന് ആന്ധ്രാപ്രദേശ് സർക്കാർ റിപ്പോർട്ട് ഉന്നയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഈ അഴിമതി പുറത്തുവന്നത്.