കോഴിക്കോട്: മംഗലാപുരം വെടിവെപ്പിന്‍റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. കാസ‍ർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പൊലീസ് സുരക്ഷ കർശനമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് പൊലീസ് നടത്തിയ വെടിവെപ്പില്‍  ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ 5 പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമായിരുന്ന കര്‍ഫ്യു വ്യാപിപ്പിക്കുകകയായിരുന്നു.

പൊലീസ് വെടിവെപ്പിൽ  പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെഎസ്‍യു പ്രവർത്തകർ തീവണ്ടി തടഞ്ഞ് പ്രതിഷേധിച്ചു.  റെയിൽവേ ട്രാക്കും തീവണ്ടി എഞ്ചിനും പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രതിഷേധം ഒരു മണിക്കൂറോളം നീണ്ടു നിന്നു. പ്രതിഷേധത്തിനിടയിൽ റെയിൽവേ പോലിസും കെഎസ്‍യു പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി. കോഴിക്കോട്ട് രാത്രി വൈകിയും പ്രതിഷേധവുമായി ജനം തെരുവിൽ ഇറങ്ങി. കോഴിക്കോട്ട് ബസ് സ്റ്റാന്‍റിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തി. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റില്‍ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും വ്യത്യസ്ത പ്രതിഷേധം നടത്തി. കോൺഗ്രസ് പ്രവർത്തകരും പിന്നാലെയെത്തി റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിച്ചു.

ഫ്രറ്റേർണിറ്റി പ്രവർത്തകരും കോഴിക്കോട് കെഎസ്ആർടിസി സ്റ്റാന്റിലേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ പ്രവർത്തകർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇവർ അമിത് ഷാ യുടെ കോലം കത്തിച്ചു. കോഴിക്കോട് നിന്ന് പുറപ്പെട്ട കർണ്ണാടക ബസ് തടഞ്ഞായിരുന്നു ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം.  ഇവർ ഇവിടെ കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ് ഇരു സംഘടനയുടെയും പ്രവർത്തകരെ ഇവിടെ നിന്ന് നീക്കി. ഇതിനിടെ ഡിസിസി പ്രസിഡന്‍റ് ടി സിദ്ധിഖിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ടയർ കത്തിക്കുകയും ചെയ്‍തു.