കാവേരി നദീജല തര്‍ക്കം; സിദ്ദരാമയ്യയുടേത് തരംതാണ രാഷ്ട്രീയം, മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍
അവസരവാദികളും അഴിമതിക്കാരുമായ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ കാല്‍ക്കല്‍കൊണ്ടുപോയി കര്‍ണാടകയിലെ ജനങ്ങളെ ഒറ്റുകൊടുക്കരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീ ജലം വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായിരിക്കെ കേന്ദ്ര സര്‍ക്കാരിനെയും എം.പിമാരെയും പഴിചാരികൊണ്ടുള്ള മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം എം.പിമാരുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും തലയിലിട്ടുള്ള തരംതാണ രാഷ്ട്രീയമാണ് സിദ്ദരാമയ്യ കളിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കാവേരി നദീ ജല പ്രശ്നത്തില്‍ 32 ബിജെപി എം.പിമാരും മൗനം പാലിക്കുകയാണെന്നും വിഷയത്തില്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും വിമര്‍ശിച്ചുകൊണ്ടുള്ള സിദ്ദരാമയ്യയുടെ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിന് മറുപടിയായാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.
സഖ്യ കക്ഷിയായ ഡിഎംകെയുടെ സമ്മര്‍ദത്തിനുവഴങ്ങി നമ്മുടെ കര്‍ഷക സഹോദരന്മാര്‍ക്ക് അര്‍ഹതപ്പെട്ട വിലപിടിപ്പുള്ള വെള്ളം വിട്ടുനല്‍കുമ്പോള്‍ പോലും ആരുമായും സിദ്ദരാമയ്യ ചര്‍ച്ച നടത്തിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പില്‍ ആരോപിച്ചു. 'ഗ്യാരണ്ടികളെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് നിങ്ങള്‍ക്ക് വോട്ടുലഭിച്ചത്. അതിനാല്‍ തന്നെ മറ്റുള്ളവരെ കുറ്റംപറയുന്നത് നിര്‍ത്തി കര്‍ണാടകയിലെയും ബെംഗളൂരുവിലെയും ജനങ്ങളുടെയും കര്‍ഷകരുടെ ജീവനും ജീവനോപാതിക്കുവേണ്ടിയും കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെയും ഉന്നമനത്തിനും വേണ്ടിയും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അവസരവാദികളും അഴിമതിക്കാരുമായ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ കാല്‍ക്കല്‍കൊണ്ടുപോയി കര്‍ണാടകയിലെ ജനങ്ങളെ ഒറ്റുകൊടുക്കരുത്. കള്ളം പറയുന്നത് നിര്‍ത്തണം. തെറ്റിദ്ധരിപ്പിക്കാതെ കര്‍ഷകരുടെ ജീവനോപാദിക്കായി പ്രവര്‍ത്തിക്കണം'- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ ഇന്ന് കര്‍ണാടകയില്‍ നടന്ന ബന്ദ് പൂര്‍ണമായിരുന്നു. കന്നട അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെയും എം.പിമാരെയും വിമര്‍ശിച്ചുകൊണ്ടുള്ള സിദ്ദരാമയ്യയുടെ അഭിപ്രായപ്രകടനമുണ്ടാകുന്നത്.