Asianet News MalayalamAsianet News Malayalam

കാവേരി നദീ ജല തര്‍ക്കം; പ്രതിഷേധങ്ങള്‍ക്കിടെ സിദ്ദരാമയ്യ ദില്ലിയില്‍, കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും

കേന്ദ്രത്തിന്‍റെ അനുമതിയാവശ്യമായ നിരവധി വികസന പദ്ധതികള്‍ ഉള്‍പ്പെടെ കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും

cauvery water dispute; Siddaramaiah in delhi, amid protest in state, hoping to discuss issue with central ministers
Author
First Published Sep 20, 2023, 8:30 AM IST

ദില്ലി:ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചക്കൊരുങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. ബുധനാഴ്ച ദില്ലിയില്‍ കര്‍ണാടകയില്‍നിന്നുള്ള എല്ലാ കേന്ദ്ര മന്ത്രിമാരുമായും എം.പിമാരുമായും സിദ്ദരാമയ്യ കൂടിക്കാഴ്ച നടത്തും. കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയിലെ കര്‍ഷകരെ പരിഗണിക്കാതെ തമിഴ്നാടിന് അനുകൂലമായ തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് കഴിഞ്ഞദിവസം ബിജെപി ആരോപിച്ചിരുന്നു. കാവേരി നദീജല വിഷയത്തില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ തുറന്നുകാട്ടികൊണ്ട് സംസ്ഥാന വ്യാപകമായി ബിജെപി ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കെയാണ് സിദ്ദരാമയ്യയുടെ ദില്ലി സന്ദര്‍ശനം. കേന്ദ്രത്തിന്‍റെ അനുമതിയാവശ്യമായ നിരവധി വികസന പദ്ധതികള്‍ ഉള്‍പ്പെടെ കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. 

കാവേരി നദീജല തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ഇടപെടലിനായി കര്‍ണാടകയില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരും എം.പിമാരും അവരുടെ ഓഫീസുകളില്‍നിന്ന് സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടേക്കും. തമിഴ്നാടിന് കാവേരി നദീജലം നല്‍കിയതില്‍ മണ്ഡ്യയില്‍ ഉള്‍പ്പെടെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായതിനിടെ രണ്ടാഴ്ചക്കുള്ളില്‍ തമിഴ്നാടിന് 5000 ക്യൂസെക്സ് വെള്ളം നല്‍കാന്‍ കാവേരി വാട്ടര്‍ മാനേജ്മെന്‍റ് അതോറിറ്റി കര്‍ണാടകയോട് നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ദില്ലിയിലെത്തിയ സിദ്ദരാമയ്യ ബുധനാഴ്ച രാവിലെയായിരിക്കും എംപിമാരുമായി കൂടിക്കാഴ്ച നടത്തുക. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരെയും കാണും. 

കാവേരി നദീ ജല തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ കര്‍ണാടകക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായും സിദ്ദരാമയ്യ കൂടിക്കാഴ്ച നടത്തിയേക്കും. ദില്ലിയിലെ കൂടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പങ്കെടുത്തേക്കും. കാവേരി നദീ ജല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന് കഴിഞ്ഞ ദിവസം ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു. കാവേരി വാട്ടര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കേസില്‍ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിടാനുള്ള സാധ്യതയുള്ളതിനാലാണ് തമിഴ്നാടിന് ജലം നല്‍കിയതെന്നും ശിവകുമാര്‍ വിശദീകരിച്ചിരുന്നു.

 

Follow Us:
Download App:
  • android
  • ios