മുംബൈ: വായ്പാ തട്ടിപ്പ് കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിനൊപ്പം ഭാര്യയെയും മകളെയും  സിബിഐ പ്രതി ചേർത്തു. ഇരുവരെയും സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കൂടുതൽ ചോദ്യം ചെയ്യും. റാണാകപൂറിന്‍റെയും തട്ടിപ്പിന് കൂട്ടുനിന്ന സ്വകാര്യകമ്പനിയുടേയും ഓഫീസുകളിൽ സിബിഐ റെയ്ഡ് നടത്തി.

ഡിഎച്ച്എഫ്എല്ലിന് 4,500 കോടിരൂപ വായ്പ നൽകിയതിന് പിന്നാലെ റാണാ കപൂറിന്‍റെ കടലാസ് കമ്പനിയായ ഡോയ്റ്റ് അർബർ വെഞ്ചേസിലേക്ക് 600 കോടി രൂപ എത്തിയെന്നായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തൽ. ഈ കടലാസ് കമ്പനിയുടെ ഉടമസ്ഥരിൽ റാണാ കപൂറിന്‍റെ മകൾ റോഷ്നി കപൂറും ഭാര്യ ബിന്ദു കപൂറുമുണ്ട്. ഇരുവരെയും സിബിഐ വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിക്കും.

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍ 

സിബിഐ കേസെടുത്തതിന് പിന്നാലെ ലണ്ടനിലേക്ക് കടക്കാൻ ശ്രമിച്ച റോഷ്നി കപൂറിനെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഉത്തർപ്രദേശ് പവർ കോർപ്പറേഷനിലെ  തൊഴിലാളികളുടെ പിഎഫ് തുക നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ നേരത്തെ തന്നെ സിബിഐ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് ഡിഎച്ച്എഫ്എല്ലിന്. കള്ളപ്പണം വെളിപ്പിച്ച കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലാണ് റാണാ കപൂർ.